തമിഴകത്തിന്‍റെ 'രണ്ടകം', മലയാളത്തിന്‍റെ 'ഒറ്റി'ല്‍ ചാക്കോച്ചനും അരവിന്ദ് സ്വാമിയും

By Web TeamFirst Published Apr 14, 2021, 5:47 PM IST
Highlights

25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗ'മാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ച ചിത്രം

കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന 'ഒറ്റി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍റെയും അരവിന്ദ് സ്വാമിയുടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് പോസറ്റര്‍. ഇതുവരെ കാണാത്ത സ്റ്റൈലിംഗോടെയാണ് പോസ്റ്ററില്‍ ചാക്കോച്ചന്‍റെ കഥാപാത്രം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് അരവിന്ദ് സ്വാമി. ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ പേര് 'രണ്ടകം' എന്നാണ്. തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഫെല്ലിനി ടി പി.

25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗ'മാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ച ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോവയും മംഗലാപുരവും മുംബൈയുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. 

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സജീവ് ആണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ദി ഷോ പീപ്പിളിന്‍റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം എ എച്ച് കാശിഫ്. ഛായാഗ്രാഹണം വിജയ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പിആര്‍ഒ ആതിര ദില്‍ജിത്ത്.

click me!