
കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന 'ഒറ്റി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. അരവിന്ദ് സ്വാമിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്‍റെ തമിഴ് പേര് 'രണ്ടകം' എന്നാണ്. 'തീവണ്ടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഫെല്ലിനി ടി പി.
25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗ'മാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ച ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോവയും മംഗലാപുരവും മുംബൈയുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. ഗോവയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇനിയും ബാക്കിയുണ്ട്. റിലീസ് സംബന്ധിച്ച തീരുമാനങ്ങള്‍ ആയിട്ടില്ല.
ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സജീവ് ആണ്. ഒരു റോഡ് മൂവിയുടെ ഘടകങ്ങള്‍ ഉള്ള ചിത്രമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആര്യ, ഷാജി നടേശന്‍ എന്നിവരാണ് നിര്‍മ്മാണം. സംഗീതം എ എച്ച് കാശിഫ്. ഛായാഗ്രാഹണം വിജയ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പിആര്‍ഒ ആതിര ദില്‍ജിത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ