
മികച്ച അഭിപ്രായം നേടുന്ന ചിത്രങ്ങളില്‍ ചിലത് പ്രേക്ഷകരെ കാര്യമായി തിയറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. സമീപകാല മലയാള സിനിമയില്‍ അത്തരത്തില്‍ പല ചിത്രങ്ങളുമുണ്ട്. അതിലൊന്നായിരുന്നു വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിന്‍റെ ഒസ്യത്ത്. മാര്‍ച്ച് 7 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ രണ്ട് മാസത്തിനിപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരസ്യ ചിത്രങ്ങളിലൂടെ നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ശരത്ചന്ദ്രന്‍. മലമുകളിൽ കാടിനോടും മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്ന് വിളയിച്ചും പണം പലിശയ്ക്ക് കൊടുത്തും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്ന് ആൺമക്കളാണ് അയാള്‍ക്ക്. മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ. മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാത്തിന്‍റെയും നിയന്ത്രണം ഔസേപ്പിന്‍റെ കൈകളിൽത്തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറുകയാണ്. ചാരം മൂടിക്കിടക്കുന്ന കനൽക്കട്ടപോലെ സംഘർഭരിതമാവുകയാണ് ഒസേപ്പിൻ്റെ തറവാട്. ആ സംഘർഷത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്ത് എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. മനസ്സിൽ നൊമ്പരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥ പറയുകയാണ് ഔസേപ്പിൻ്റ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ.
കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി കെ ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ ഫസൽ ഹസൻ, സംഗീതം സുമേഷ് പരമേശ്വർ, ഛായാഗ്രഹണം അരവിന്ദ് കണ്ണ ബീരൻ, എഡിറ്റിംഗ് ബി അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈൻ അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് സ്ലീബാ വർഗീസ്, സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ നിക്സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തെക്കൽ. കുട്ടിക്കാനം, പീരുമേട്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ