ഔസേപ്പിന്റെ ഒസ്യത്ത്: കാമ്പുള്ള തിരക്കഥ, കരുത്തുറ്റ കഥാപാത്രങ്ങൾ - റിവ്യൂ

Published : Mar 07, 2025, 11:11 AM IST
ഔസേപ്പിന്റെ ഒസ്യത്ത്: കാമ്പുള്ള തിരക്കഥ, കരുത്തുറ്റ കഥാപാത്രങ്ങൾ - റിവ്യൂ

Synopsis

ഫസൽ ഹസ്സൻ തിരക്കഥയെഴുതി ആർ. ജെ. ശരത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഔസേപ്പിന്റെ ഒസ്യത്ത്. ഇതൊരു ഫാമിലി ഡ്രാമയും പോലീസ് പ്രൊസിജ്യറും ത്രില്ലറുമാണ്.

ൻവെസ്റ്റിഗേഷൻ ത്രില്ലറുകൾക്കും പരീക്ഷണ നരേറ്റീവുകൾക്കുമിടയിൽ കാതലുള്ള ഒരു “കഥാ സിനിമ” (ഡ്രാമ) എന്ന നിലയിൽ ഔസേപ്പിന്റെ ഒസ്യത്ത് ശ്രദ്ധിക്കപ്പെടും.

 പൂക്കാലം, കിഷ്കിന്ധാ കാണ്ഡം, റൈഫിൾ ക്ലബ്... നടൻ വിജയരാഘവന്റെ അച്ഛൻ കഥാപാത്രങ്ങൾ ഗതി നിയന്ത്രിക്കുന്ന സിനിമകളുടെ ഗണത്തിലേക്കുള്ള പുതിയ എൻട്രിയാണ് ഔസേപ്പിന്റെ ഒസ്യത്ത്. പക്ഷേ, സ്വാഭാവികമായും പ്രതീക്ഷിക്കുന്നതുപോലെ മുൻപ് ചെയ്ത വേഷങ്ങളുടെ നിഴൽപോലുമില്ല ഔസേപ്പിൽ.

ഫസൽ ഹസ്സൻ തിരക്കഥയെഴുതി ആർ. ജെ. ശരത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഔസേപ്പ് ഇടുക്കിയിൽ ഏലവും കാപ്പിയും വിളയിക്കുന്ന, ഒരുപാട് ഭൂമിയുള്ള, എന്നാൽ ലളിതമായി ജീവിക്കുന്ന കർഷകനാണ്. അയാൾ കാർക്കശ്യക്കാരനാണ്, പ്രത്യേകിച്ചും പണത്തിന്റെ കാര്യത്തിൽ.

ചെറുപ്പത്തിലെ അമ്മയെ നഷ്ടമായ ഔസേപ്പിന്റെ മൂന്നാൺമക്കൾ മൈക്കിളും (ദിലീഷ് പോത്തൻ), ജോർജ്ജും (കലാഭവൻ ഷാജോൺ), റോയിയും (ഹേമന്ദ് മേനോൻ) അവരവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോയെങ്കിലും അതിലിപ്പോഴും അച്ഛന്റെ നിഴലുണ്ട്. പക്ഷേ, അച്ഛൻ അവർക്ക് ശത്രുവോ കരുണയില്ലാത്തവനോ മുഖംകൊടുക്കാത്തയാളോ അല്ല.

അവിടെയാണ് ഈ സിനിമയുടെ തിരക്കഥയുടെ പ്രസക്തി. ഒരു മലയോര കുടുംബത്തിന്റെ ഫ്യൂഡൽ സ്വഭാവമുള്ള കുലപതിയും മക്കളും തമ്മിൽ ഉണ്ടാകാൻ ഇടയുള്ള, നമ്മുടെ ഇതുവരെയുള്ള സിനിമകൾ പ്രകടിപ്പിച്ച എല്ലാ സാധ്യതകളും ക്ലീഷെകളും ഈ സിനിമ ഉപേക്ഷിക്കുകയാണ്. ഒരേ സമയം ഇതൊരു ഫാമിലി ഡ്രാമയും പോലീസ് പ്രൊസിജ്യറും ത്രില്ലറും എല്ലാമാകുന്നുണ്ട്.

ഔസേപ്പിന്റെ ഒസ്യത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തുന്നത് കലാഭവൻ ഷാജോണും ദിലീഷ് പോത്തനുമാണ്. വൈകാരിക രംഗങ്ങളിൽ വളരെ സ്വാഭാവികമായ അഭിനയംകൊണ്ട് ഇരുവരും മികച്ചു നിൽക്കുന്നു. മെലോഡ്രാമ സ്വാഭാവത്തിലേക്ക് പോകുമായിരുന്ന പല രംഗങ്ങളും സൂക്ഷ്മമായ എഴുത്തും അഭിനയവും കൊണ്ട് ഈ സിനിമ രക്ഷിച്ചെടുക്കുന്നുണ്ട്.

ഔസേപ്പിന്റെ കഥാപാത്രം വിജയരാഘവൻ ഭദ്രമായി കൈകാര്യം ചെയ്യുന്നു. ലെന, അഞ്ജലി കൃഷ്ണ, ഹേമന്ദ് മേനോൻ, സെറിൻ ഷിഹാബ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കുന്നുണ്ട്. എടുത്തു പറയേണ്ട മറ്റു രണ്ടു കഥാപാത്രങ്ങൾ കനി കുസൃതിയുടേയും ജോജി മുണ്ടക്കയത്തിന്റേതുമാണ്. കനി, ക്ലീഷെകളെ മറികടക്കുന്ന ഒരു പോലീസ് കഥാപാത്രമാണ് ചെയ്യുന്നത്. ജോജി മുണ്ടക്കയം സ്വതസിദ്ധമായി ഒരു കോട്ടയംകാരന്റെ വേഷത്തിലേക്ക് എളുപ്പത്തിൽ ഇറങ്ങിച്ചെല്ലുന്നു.

അരവിന്ദ് കണ്ണബിരാന്റെ ഛായാഗ്രഹണത്തിന് പുതുമയുണ്ട്. ഇടുക്കിയുടെ കാട്ടിലും കുളിരിലും മാത്രമല്ല, കഥാപാത്രങ്ങളുടെ ക്ലോസ്അപ്പുകളിലും ക്യാമറ അനക്കങ്ങൾ കണ്ടെത്തുന്നുണ്ട്. ഉദ്വേഗവും പിരിമുറുക്കവും പ്രേക്ഷകരെ അനുഭവിപ്പിക്കുന്നുണ്ട് അരവിന്ദ്. അക്ഷയ് മേനോന്റെ പശ്ചാത്തല സംഗീതവും കാഴ്ച്ചകളെ കൂടുതൽ മിഴിവുള്ളതാക്കുന്നു.

ആന്തരികസംഘർഷങ്ങളുടെ കഥ പറയുന്ന സിനിമകൾക്ക് പൊതുവെ തോന്നിപ്പിക്കുന്ന ഇഴച്ചിലും ഔസേപ്പിന്റെ ഒസ്യത്തിനില്ല. കാരണം കഥാപാത്രങ്ങൾ കുറവാണെങ്കിലും വ്യക്തമായ തിരക്കഥ സംഭവങ്ങളിൽ നിന്ന് സംഭവങ്ങളിലേക്ക് സിനിമയെ വേഗത്തിൽ കോർത്തെടുക്കുന്നുണ്ട്. ഇതിൽ എഡിറ്റർ ബി. അജിത്കുമാറിന്റെ മികവുണ്ട്.

മലയാളത്തെ എക്കാലത്തും വേറിട്ടു നിർത്തിയിരുന്ന, നമ്മുടെ കുടുംബങ്ങളെയും ബന്ധങ്ങളെയും ആന്തരികസംഘർഷങ്ങളെയും തുറന്നുകാട്ടിയിരുന്ന “കഥാ സിനിമ”കളുടെ ഗണത്തിലാണ് ഔസേപ്പിന്റെ ഒസ്യത്തും ഉൾപ്പെടുക. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾക്കും പരീക്ഷണ നരേറ്റീവുകൾക്കും പ്രാധാന്യം നൽകുന്ന സിനിമകളുടെ കുത്തൊഴുക്കിനിടെ കാതലുള്ള ഒരു കഥാസിനിമ എന്ന നിലയിൽ ഔസേപ്പിന്റെ ഒസ്യത്ത് ശ്രദ്ധിക്കപ്പെടും.

അനോറ: ഓസ്കാര്‍ നിറവില്‍ എത്തി നില്‍ക്കുന്ന ഒരു മാസ്മരിക സിനിമ അനുഭവം - റിവ്യൂ

ആപ്പ് കൈസേ ഹോ: ധ്യാൻ്റെ രസകരമായ 'ഒരു രാത്രിക്കഥ' - റിവ്യൂ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം