Vishu Song : പി ജയചന്ദ്രന്റെ ഭാവതീവ്രമായ ആലാപനത്തില്‍ 'കര്‍ണ്ണികാര വനത്തിലെ തേൻകുരുവി'

By Web TeamFirst Published Apr 12, 2022, 8:57 PM IST
Highlights

പി ജയചന്ദ്രൻ ആലപിച്ച വിഷുഗാനം (Vishu Song).

മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവ ഗായകനാണ് പി ജയചന്ദ്രൻ. ഭാവ സുന്ദരമായ ഒട്ടേറെ ഗാനങ്ങള്‍ പി ജയചന്ദ്രന്റെ സ്വരമാധുരിയില്‍ മലയാളം ആസ്വദിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ജയചന്ദ്രന്റെ സ്വര മാധുര്യം ഒട്ടും കുറയുന്നില്ല. ഇപ്പോഴിതാ വിഷുക്കാലത്ത് ഒരു മനോഹര ഗാനവുമായി എത്തിയിരിക്കുകയാണ് പി ജയചന്ദ്രൻ (Vishu Song).

വിഷുകൈനീട്ടമെന്നോണമാണ് പി ജയചന്ദ്രൻ പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. ജയചന്ദ്രന്റെ ഭാവതീവ്രമായ ആലാപന ഭംഗി അപ്പാടെ ആവാഹിച്ചൊരുക്കിയതാണ് പുതിയ ഗാനം. 'കര്‍ണ്ണികാര വനത്തിലെ തേൻകുരുവി'യെന്ന ഗാനം ആസ്വാദകര്‍ സ്വീകരിക്കുമെന്ന് തീര്‍ച്ച.  മേടമാസത്തിന്റേയും വിഷുവിന്റെയും കര്‍ണ്ണികാരപ്പൂക്കളുടെയും വിഷുപ്പക്ഷിയുടെയും ഗ്രാമഭംഗിയെ ആവാഹിച്ച് കെ ഡി ഷൈബു മുണ്ടയ്‍ക്കലാണ് വരികള്‍ എഴുതിയിരിക്കുന്നത്.  അജയ് തിലകാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സജിൻ സുരേന്ദ്രനാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. 'കര്‍ണ്ണികാര വനത്തിലെ തേൻകുരുവി'  എന്ന ആല്‍ബത്തിന്റെ നിര്‍മാണ നിര്‍വഹണം വിസ്‍മയാക്‍സ് ആണ്.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ജെ സി ഡാനിയല്‍ അവാര്‍ഡ് സ്വന്തമാക്കിയ ഗായകനാണ് പി ജയചന്ദ്രൻ.  'ശ്രീ നാരായണ ഗുരു' എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഞ്ച് തവണ കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഗായകനായി.  'പണിതീരാത്ത വീട്', 'ബന്ധനം', 'നിറം', 'തിളക്കം', 'എന്നും എപ്പോഴും', 'ജിലേബി', 'എന്നു നിന്റെ മൊയ്‍തീൻ' എന്നീ സിനിമകളിലെ ഗാനത്തിനാണ് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.

അമ്പത് കൊല്ലത്തെ സംഗീത ജീവിതത്തില്‍ ആദ്യമായി പി ജയചന്ദ്രൻ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു ഗാനം മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു. 'നീലിമേ' എന്ന് തുടങ്ങുന്ന ഗാനം പാടിയതും പി ജയചന്ദ്രനാണ്. ബി കെ ഹരിനാരായണനാണ് ഗാനം എഴുതിയത്. സംഗീത സംവിധായകൻ റാം സുരേന്ദര്‍ ഗാനത്തിന്റെ ഓര്‍ക്കസ്‍ട്രേഷൻ  നിര്‍വഹിച്ചു.

പി ജയചന്ദ്രൻ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം പുറത്തുവിട്ടപ്പോള്‍ ബി കെ ഹരിനാരായണൻ എഴുതിയ കുറിപ്പ്

'നീലിമേ' ജയേട്ടൻ സംഗീതം ചെയ്‍ത് പാടിയ പാട്ട് മഞ്‍ജു വാര്യരുടെ ഫേസ്‍ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ജയേട്ടൻ സംഗീതം ചെയ്‍ത് റിലീസ് ചെയ്യപ്പെടുന്ന ആദ്യപാട്ടായിരിക്കാം ഇത്. സ്‍നേഹം, ആദരം ജയേട്ടാ. 'നീലിമേ' ആദ്യം കേൾപ്പിക്കുന്നത് ബിജിയേട്ടനേയാണ്. ഗാനത്തിന്റെ ദൈര്‍ഘ്യം  ഒന്ന് എഡിറ്റ് ചെയ്‍തു തന്നതും ബിജിയേട്ടനാണ് . ഇത് സുഭരമായിഓർക്കസ്‍ട്രേറ്റ് ചെയ്‍ത് തന്നത് എന്റെ  രാമേട്ടനാണ്. ഈ പാട്ടുണ്ടാവാൻ കാരണക്കാരൻ ഡിജിട്രാക്ക് സ്റ്റുഡിയോയിലെ സുന്ദറേട്ടനാണ് . ഇതിലേക്ക് വേണ്ട ചിത്രങ്ങൾ തന്നത്, മാർഗ്ഗനിർദ്ദേശം നൽകിയത് മനോഹരേട്ടനാണ് .കൂടെ നിന്നത് ബാലുച്ചേട്ടനാണ്. വിഷ്വൽ എഡിറ്റ് ചെയ്‍തത് പ്രിയ അനുജൻ രാംദാസാണ്. ഫ്ലൂട്ടും ,സ്ക്സോഫോണും വായിച്ചത് റിസൻ ചേട്ടനാണ്, തബല വായിച്ചത് ശിവേട്ടനാണ്. ഒരു പാട് തിരിക്കിനിടക്കും ഇതിന്റെറെ പോസ്റ്റർ ചെയ്തു തന്നത് മലയാളത്തിന്റെ പോസ്റ്റർ വാല, ഞങ്ങടെ പ്രിയ ജയറാം ഭായ് ആണ്.  എപ്പോഴും എന്തിനും  വൈബ്‍സിലെ കൂട്ടുകാരുണ്ട് യൂനസ് ഖാൻ , ഷാജിയേട്ടൻ ,ബിനേഷ് ,ഫൈസൽ , രാജേഷ് ,പാർവതി ,സുമേച്ചി, ബിനീത ,ജിഷ്‍ണു, ജെബിസൻ ,ഷിഹാബ് ,അനൂപ് . 'നീലിമ'യ്ക്കു വേണ്ടി മറ്റാരേക്കാളും, മനസ്സും ,ശരീരവും, സമയവും കൊടുത്ത് ഓടിനടന്നത് വേണുവാണ്. ഇതിനൊക്കെ കാരണം എല്ലാർക്കും ജയേട്ടനോടുള്ള സ്‍നേഹമാണ്, ആദരമാണ് ആ സ്‍നേഹം മാത്രമാണ് 'നീലിമ'.

click me!