ലോക്ക് ഡൗണിന് ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുക നരേന്ദ്ര മോദി!

By Web TeamFirst Published Oct 10, 2020, 11:29 AM IST
Highlights

വിവേക് ഒബ്‍റോയിയാണ് നരേന്ദ്ര മോദിയായി തിയറ്ററില്‍ എത്തുക.

കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് കുറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ് തിയറ്ററുകള്‍. ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒട്ടേറെ സിനിമകളാണ് തിയറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ആദ്യം തിയറ്ററിലെത്തുകയെന്നതാണ് വാര്‍ത്ത. പി എം നരേന്ദ്ര മോദി എന്ന ചിത്രമാണ് ആദ്യം റിലീസ് ചെയ്യുക. ഒക്ടോബര്‍ 15ന് ആണ് ചിത്രം റി റിലീസ് ചെയ്യുക.

വിവേക് ഒബ്‍റോയ് ആണ് ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിച്ചത്.  മെയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്‍തത്. ഇപ്പോള്‍ വീണ്ടും ചിത്രം റിലീസ് ചെയ്യുന്നുവെന്നതാണ് വാര്‍ത്ത.  എട്ട് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. അനിരുദ്ധ ചൌളയും വിവേക് ഒബ്‍റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. 

അടല്‍ ബിഹാരി വാജ്‍പെയ് അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു.

നരേന്ദ്ര മോദിയായിട്ടുള്ള വിവേക് ഒബ്‍റോയിയുടെ രൂപമാറ്റം ഏറെ ചര്‍ച്ചയായിരുന്നു. ഫസ്റ്റ് ലുക്ക് അടക്കമുള്ള പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുനിത രദിയ ആയിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. സഞ്‍ജയ് ശങ്ക്ല ആയിരുന്നു എഡിറ്റര്‍.

click me!