
മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍ഗോഡായത് എന്ന നിര്‍മാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പ്രസ്‍താവന വിവാദമായിരിക്കുകയാണ്. നിര്‍മാതാവ് രഞ്‍ജിത്തിന് സാമൂഹ്യ മാധ്യമത്തിലൂടെ തുറന്ന കത്തെഴുതി വിമര്‍ശനം രേഖപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് പി വി ഷാജികുമാര്‍. മികച്ച പ്രതിഭകളെ എത്ര നിസാരമായാണ് നിങ്ങൾ വെറും മയക്കുമരുന്ന് വ്യാപാരത്തിലേക്ക് ചുരുക്കിക്കളഞ്ഞത് എന്നാണ് പി വി ഷാജികുമാര്‍ ചോദിക്കുന്നത്. അഭിനന്ദിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത് എന്നും പി വി ഷാജികുമാര്‍ എഴുതുന്നു.
പി വി ഷാജികുമാറിന്റെ കുറിപ്പ്
ശ്രീ രജപുത്ര രഞ്ജിത്ത്,
ഞങ്ങൾ വടക്കേ മലബാറുകാർക്ക് സിനിമയെന്നത് കാലങ്ങളായി ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത ഒരു സ്വപ്‍നലോകമായിരുന്നു. എല്ലാ നാടുകളില്‍ നിന്നും വരുന്ന സിനിമകള്‍ സിനിമാകൊട്ടകകളിലിരുന്ന് ആവേശത്തോടെ കണ്ട് ഞങ്ങൾ കൈയ്യടിച്ചിട്ടുണ്ട്, വിസിലടിച്ചിട്ടുണ്ട്. ഞങ്ങളുടെ നാടുകളിൽ ആണ്ടിനും സംക്രാന്തിക്കും സംഭവിക്കുന്ന ഷൂട്ടിങ്ങ് കാണാൻ വണ്ടിയൊക്കെ വാടകക്കെടുത്ത് കഷ്‍ടപ്പെട്ട് പോയിട്ടുണ്ട്. ക്ലാപ്പടിക്കുമ്പോൾ, വെള്ളിത്തിരയിലുള്ളവർ തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പെറുക്കാതെ കഥാപാത്രങ്ങളായി ജീവിക്കുന്നത് കാണുമ്പോൾ അൽഭുതത്താൽ കണ്ണ് തള്ളിയിട്ടുണ്ട്. (തള്ളല്ല). മുഖ്യനടന്റെ കഥാപാത്രമായുള്ള പകർന്നാട്ടം കണ്ട് കട്ട് പറയാൻ മറന്ന് പോയ സംവിധായകന് പകരം കട്ട് പറഞ്ഞിട്ടുണ്ട്. നാട്ടിലേക്ക് ഉൽഘാടനത്തിന് വരുന്ന വിണ്ണിലെ താരങ്ങളെ കണ്ട് ‘സിനിമയിലെ പോലെ തന്നെയെന്ന്’ ആശ്ചര്യത്തിന്റെ താടിക്ക് കൈ കൊടുത്തിട്ടുണ്ട്. അന്ന് കരുതിയതല്ല,
ഞങ്ങളുടെ നാടും നാട്ടുകാരും വെള്ളിത്തിരമാലകളിൽ ആറാടുമെന്ന്. അഭിനയിക്കാനും സിനിമ എഴുതാനും പാടാനും സംവിധാനം ചെയ്യാനും കഴിവുള്ളവർ അന്നും ഉണ്ടായിരുന്നു.ഞങ്ങൾക്ക് വേണ്ടി തുറക്കുന്നതല്ല സിനിമയുടെ വാതിലുകളെന്ന' അപകർഷതയിൽ കഴിവുകളെ ജീവിതപ്രതിസന്ധികളുടെ പായയിൽ അവർ മൂടിക്കെട്ടി. കാലം മാറുന്നു, സിനിമ മാറുന്നു. ഞങ്ങളുടെ നാട്ടിൽ നിന്ന് നാട്ടുകാരുടെ സിനിമകൾ സംഭവിക്കുന്നു. ഒന്നല്ല, നിരന്തരം സിനിമകൾ ആണ്. കാസർഗോഡിന്റെ കഥ പറയുന്ന സിനിമകൾ, കാസർഗോഡിന്റെ പ്രാദേശികഭാഷയിൽ ലജ്ജയും മടിയുമില്ലാതെ കഥാപാത്രങ്ങൾ സംസാരിക്കുന്ന സിനിമകൾ. കാസർഗോട്ടുകാർ അഭിനയിക്കുന്ന, സംവിധാനം ചെയ്യുന്ന, കഥയെഴുതുന്ന സിനിമകൾ. തീയേറ്ററുകളിൽ അവ കൈയ്യടി നേടുന്നു. അഭിനയിച്ചവർ പ്രേക്ഷകരുടെ ഉള്ളിലേക്ക് താരങ്ങളായി നിഷ്കളങ്കതയോടെ തിളങ്ങുന്നു. മറുദേശങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ വടക്കൻ ഭാഷ കഷ്ടപ്പെട്ട് പഠിച്ചെടുത്ത് ഈ സിനിമകളുടെ ഭാഗമാവുന്നു. അഭിനന്ദിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത്.
നമ്മള്‍ കസാഖിസ്ഥാൻ സിനിമകളിൽ കാണുന്നത് പോലെ കാറ്റ് വീശുന്ന വരണ്ട ഭൂമികയും തർക്കോവസ്കിയൻ സിനിമകളിലെ പച്ചപ്പിന്റെ നിറഭൂമികയും ഓർമപ്പെടുത്തുന്ന കാസർഗോഡൻ സ്ഥലരാശികൾ മലയാളസിനിമയുടെ കൊടിയടയാളമാവുന്നു. ഇത് കുറിക്കുമ്പോഴും കാസർഗോഡിന്റെ പല ഭാഗങ്ങളിലും പതിനഞ്ചിലധികം സിനിമകൾ സംഭവിക്കുന്നുണ്ട്. ഇതൊന്നും അറിയാത്ത ഒരാളല്ല നിങ്ങളെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു നാടിന്റെ കരുത്തുറ്റ ആത്മാവിഷ്‍കാരങ്ങളെ, അദ്ഭുതപ്പെടുത്തുന്ന അഭിനയശേഷിയുള്ള പ്രതിഭകളെ, സിനിമാ പ്രവർത്തകരെ ഒക്കെ എത്ര നിസാരമായാണ് നിങ്ങൾ വെറും മയക്കുമരുന്ന് വ്യാപാരത്തിലേക്ക് ചുരുക്കിക്കളഞ്ഞത്.
ഏറെക്കാലം വെള്ളിവെളിച്ചത്തിലിടം കിട്ടാത്ത ഒരു ജനത തിരശ്ശീലയിൽ പകർന്നാട്ടം തുടരട്ടെ രഞ്ജിത്ത്. മനംമയക്കുന്ന ഭൂപ്രദേശങ്ങളാണ് ഞങ്ങളുടെ ഉയിർ. മനംമയക്കുന്ന കലാകാരന്മാരാണ് ഞങ്ങളുടെ തുടിപ്പ്. അല്ലാതെ മയക്കുമരുന്നല്ല. അതുകൊണ്ട് പറഞ്ഞ അവിവേകം താങ്കൾ തിരിച്ചെടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
എന്ന്
പി വി ഷാജികുമാർ
എന്ന
ഒരു കാസർഗോഡുകാരൻ
Read More: ഗംഭീര ടൈം ട്രാവലര്‍, 'മാര്‍ക്ക് ആന്റണി' ടീസര്‍ പുറത്തുവിട്ടു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ