Birsa Movie : പാ രഞ്ജിത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം ഈ വര്‍ഷം; 'ബിര്‍സ' വരുന്നു

By Web TeamFirst Published Feb 26, 2022, 4:53 PM IST
Highlights

2018ല്‍ പ്രഖ്യാപിച്ച ചിത്രം

എണ്ണം പറഞ്ഞ അഞ്ച് ചിത്രങ്ങളിലൂടെ കോളിവുഡില്‍ തന്‍റേതായ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് പാ രഞ്ജിത്ത് (Pa Ranjith). ഡയറക്ട് ഒടിടി റിലീസ് ആയി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സര്‍പട്ട പരമ്പരൈയും അദ്ദേഹത്തിന് വലിയ കൈയടികള്‍ നേടിക്കൊടുത്തു. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് അദ്ദേഹം. ആദിവാസി നേതാവും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബിര്‍സാ മുണ്ടയുടെ ജീവചരിത്ര ചിത്രം 2018ല്‍ പ്രഖ്യാപിച്ചതാണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷാവസാനം ആരംഭിക്കുമെന്ന് പാ രഞ്ജിത്ത് പിടിഐയോട് പറഞ്ഞു. ബിര്‍സ (Birsa) എന്നു തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ബിര്‍സാ മുണ്ടയെക്കുറിച്ച് മഹാശ്വേതാ ദേവി രചിച്ച 'ആരണ്യേര്‍ അധികാര്‍' എന്ന പുസ്തകമാവും സിനിമയ്‍ക്ക് അടിസ്ഥാനം. നമഹ് പിക്ചേഴ്‍സിന്‍റെ ബാനറില്‍ ഷറീന്‍ മന്ത്രി, കിഷോര്‍ അറോറ എന്നിവരാണ് നിര്‍മ്മാണം. ഇന്ത്യന്‍ പ്രേക്ഷകരെക്കൂടാതെ അന്തര്‍ദേശീയ പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാവുന്ന സിനിമയാവും ഇതെന്ന് പാ രഞ്ജിത്ത് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഏഴ് വര്‍ഷം മുന്‍പ് മഹാശ്വേതാ ദേവിയുടെ പുസ്തകം വായിക്കുന്ന സമയത്തുതന്നെ ഒരു ദിവസം താനിത് സിനിമയാക്കുമെന്ന് കരുതിയിരുന്നതായും തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഇതിനേക്കാള്‍ മികച്ച ഒരു പ്രോജക്റ്റ് തെരഞ്ഞെടുക്കാനില്ലെന്നും പാ രഞ്ജിത്ത് പറയുന്നു. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളിലാവും സിനിമ ചിത്രീകരിക്കുക. ദൃശ്യപരമായിത്തന്നെ പുതിയൊരു അനുഭവമായിരിക്കും.

ദൈര്‍ഘ്യം കൂടിപ്പോയെന്ന് പരാതി; വലിമൈയുടെ 18 മിനിറ്റ് നീക്കി

1890കളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ജാര്‍ഘണ്ഡില്‍ നിന്നുള്ള ആദിവാസി നേതാവാണ് ബിര്‍സാ മുണ്ട. ഭൂമിയുടെ അവകാശത്തിന് വേണ്ടിയും തന്‍റെ ഗോത്രത്തിന് വേണ്ടിയും അദ്ദേഹം ആളുകളെ സംഘടിപ്പിക്കുകയും പോരാടുകയും ചെയ്തു. കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിക്കെതിരേ 1894ല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നടത്തിയതാണ് അദ്ദേഹത്തിന്‍റെ പ്രധാന സമരങ്ങളില്‍ ഒന്ന്. നേരത്തേ 'അറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോപി നൈനാരും ബിര്‍സാ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ അനൗണ്‍സ് ചെയ്തിരുന്നു. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായെന്നും 200 വര്‍ഷം മുന്‍പുള്ള കാലം ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ഒരു ബിഗ് ബജറ്റ് ചിത്രമാണ് തന്‍റെ മനസിലുള്ളതെന്നുമാണ് ഗോപി നൈനാര്‍ പറഞ്ഞിരുന്നത്. പറ്റിയ ഒരു നിര്‍മ്മാതാവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും. 

ആട്ടക്കത്തി എന്ന ചിത്രത്തിലൂടെ 2012ല്‍ സംവിധായകനായി അരങ്ങേറിയ ആളാണ് പാ രഞ്ജിത്ത്. പിന്നീട് മദ്രാസ്, രജനീകാന്ത് നായകനായ കബാലി, കാല, സര്‍പട്ട പരമ്പരൈ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍. ആദ്യ രണ്ട് ചിത്രങ്ങളും പ്രശംസ നേടിയിരുന്നെങ്കിലും ഒരു ചെറുവിഭാഗം പ്രേക്ഷകരിലേക്ക് മാത്രമാണ് എത്തിയിരുന്നത്. രജനീകാന്ത് നായകനായ കബാലിയാണ് കോളിവുഡ് മുഖ്യധാരയിലേക്ക് പാ രഞ്ജിത്തിനെ നീക്കിനിര്‍ത്തിയത്. രജനീകാന്തിന്‍റെ താരപരിവേഷത്തെ ബുദ്ധിപരമായി ഉപയോഗിച്ച ചിത്രങ്ങളായിരുന്നു കബാലിയും കാലയും. നീലം പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ മികച്ച ആശയങ്ങളുമായെത്തുന്ന നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുമുണ്ട് അദ്ദേഹം. പരിയേറും പെരുമാള്‍ ആണ് നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. 

click me!