
'തങ്കലാൻ' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വേട്ടുവം അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആര്യ, ശോഭിത ധൂലിപാല, ദിനേശ്, ഷബീർ കല്ലറയ്ക്കൽ, കലൈയരസൻ, മിം ഗോപി, ഗുരു സോമസുന്ദരം, ജോൺ വിജയ് തുടങ്ങീ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം അടുത്ത വർഷം ആദ്യത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ദിനേശിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഫസ്റ്റ് ഗ്ലിമ്പ്സ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. സന്തോഷ് നാരായണൻ, ചെന്തിൽകുമാർ, ഫ്രാങ്ക്‌ളിൻ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന് വേണ്ടി ജിവി പ്രകാശ്കുമാർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
സായി ദീന, ആനന്ദ് സാമി, ഹരീഷ് ഉത്തമൻ, ലിസി, ലിംഗേഷ്, പ്രേം കുമാർ, കവിത ഭാരതി, അർജുൻ, ശാന്തകുമാർ, മെലഡി, മനീഷ, വിക്രം, നവീൻ, പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നീലം പ്രൊഡക്ഷൻസ്, ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം വിക്രം നായകനായി എത്തിയ തങ്കലാൻ ആയിരുന്നു പാ രഞ്ജിത്തിന്റേതായി പുറത്തുവന്ന ഒടുവിലത്തെ സിനിമ. സർപ്പട്ടൈ പരമ്പര രണ്ടാം ഭാഗവും വരും വർഷങ്ങളിൽ പ്രേക്ഷകർ കാത്തിരിയ്ക്കുന്ന ചിത്രമാണ്.
കഴിഞ്ഞ ജൂലൈയിൽ സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മോഹൻരാജ് കൊല്ലപ്പെട്ടത് വലിയ വാർത്തയായിരുന്നു. നാഗപട്ടണം ജില്ലയിലെ കീളൈയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അളപ്പക്കുഡിയില്‍ വെച്ചായിരുന്നു സംഭവം. കാര്‍ മറിക്കുന്ന ഒരു സാഹസിക രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് മോഹന്‍രാജിന്‍റെ (52) മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. കാഞ്ചീപുരം ജില്ലയിലെ പൂങ്കണ്ടം സ്വദേശിയാണ് മോഹന്‍രാജ്. അപകടം നടന്നയുടനെ നാഗപട്ടണം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മോഹന്‍രാജിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പാ രഞ്ജിത്തിനെതിരെയും നിർമ്മാതാക്കൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.