
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ടിടിഇ കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ജനറല്‍ ടിക്കറ്റുമായി റിസര്‍വ്ഡ് കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിലുള്ള പകയില്‍ ഒഡിഷ സ്വദേശി രജനികാന്തയാണ് വിനോദിനെ അതേ ട്രെയ്‍നില്‍ നിന്ന് തള്ളിയിട്ടത്. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. സിനിമയോട് വലിയ അഭിനിവേശമുണ്ടായിരുന്ന വിനോദ് നിരവധി ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ വിനോദുമായി തനിക്കുണ്ടായിരുന്ന സൌഹൃദത്തെക്കുറിച്ച് പറയുകയാണ് സംവിധായകനും പാപ്പന്‍ അടക്കമുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍.
ഷാനിന്‍റെ കുറിപ്പ്
എനിക്കറിയാവുന്ന മലയാള സിനിമയിലെ, അധികം ആർക്കും അറിയാത്ത ‘റെയിൽവേ മാനാ’യിരുന്നു വിനോദ്. അയാളുടെ ചങ്ങാത്തത്തിന്റെ തീവണ്ടിയിൽ സെറ്റിലെ എല്ലാവര്‍ക്കും ഒരു ടിക്കറ്റ് ഉറപ്പായിരുന്നു. കൂട്ടത്തിൽ ഏതോ ഒരു സീറ്റിൽ ഞാനും സഞ്ചരിച്ചിട്ടുണ്ട്. പാപ്പനിൽ തുടങ്ങിയതാണ് ഞങ്ങളുടെ പരിചയം. ഇരുട്ടിൽ ഇരട്ടത്തല കത്തിയുമായി ചാക്കോ എന്ന സീരിയൽ കില്ലർ കുത്താൻ ഓങ്ങുമ്പോൾ പേടിച്ചു കരയുന്ന മരത്തിൽ കെട്ടിയിട്ട വിക്‌ടിം. അത് ദൂരെ മാറി നിന്ന് സുരേഷ് ഗോപിയുടെ കഥാപാത്രം എബ്രഹാം കാണുന്ന. അതായിരുന്നു രംഗം. ജോഷി സാറാണ് ആ വേഷം ചെയ്യാൻ വിനോദിനെ വിളിക്കാം എന്ന് പറഞ്ഞതും. അയാൾ ആരാണ്, എന്തിനാണ് അയാളെ മരത്തിൽ കെട്ടിയിട്ടത്, എന്തിനാണ് ചാക്കോ അയാളെ കൊല്ലുന്നത് എന്ന് കൗതുകത്തോടെ ആ വേഷം അഭിനയിക്കാൻ വന്ന വിനോദ് എന്നോട് ചോദിച്ചു. ഒരു ചെറിയ സീനാണെങ്കിലും ടോർച്ചിന്റെ വെട്ടത്തിൽ, വിരണ്ട് അലറുന്ന വിനോദിന്റെ നിലവിളി തിയറ്ററിൽ ഒരു നിമിഷത്തേക്ക് ഭീതി സമ്മാനിച്ചിരുന്നു. വിനോദ് അത് ഭംഗിയായി ചെയ്തു.
വിനോദുമായുള്ള അടുപ്പം, ട്രെയിനിൽ വച്ച് പരിച്ചയപെടുന്ന ചില അപരിചിത സഹയാത്രികരോടുള്ള സൗഹൃദം പോലെ ആണ്. പിന്നീട് വല്ലപ്പോളും ഒരിക്കൽ കണ്ടു മുട്ടും, പക്ഷെ ആ കാഴ്ച ഊഷ്മളമായിരിക്കും! വീണ്ടും 'ആന്റണി'യിൽ അഭിനയിക്കാൻ വന്നു. കണ്ടു. സംസാരിച്ചു. പിരിഞ്ഞു. അധികം ഒന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല, സംസാരിച്ചതത്രയും യാത്രകളെ കുറിച്ചാണ്. സിനിമയും അഭിനയവും അഭിനിവേശവും വിനോദ് നിർത്താതെ പറയുമായിരുന്നു. കൂടെ ഉണ്ടാകും എന്ന തോന്നൽ തന്നുകൊണ്ടേ ഇരുന്ന ഒരു മനുഷ്യൻ.
ഇന്ത്യൻ റെയിൽവേ എനിക്ക് പലപ്പോളും ടെലിഫോൺ പോസ്റ്റിൽ കുരുങ്ങി കിടക്കുന്ന കേബിളുകൾ പോലെ സങ്കീർണമായ ഒരു കുടുക്കാണ്. അപ്പോളൊക്കെ വഴികാട്ടി ആയി വരുന്നത് വിനോദ് ആയിരുന്നു. ഒന്നല്ല പലവട്ടം.
ഉത്തരേന്ത്യയിലെ ട്രെയിനിനകത്താണ് പ്രശ്നമെങ്കിലും ഉത്തരവുമായി വിനോദിന്റെ വോയിസ് നോട്ട് ഫോണിലെത്തും. യ’മണ്ടൻ' സംശയങ്ങൾക്ക് പോലും വളരെ ഗൗരവത്തോടെ മറുപടി തരുന്ന വിനോദിന്റെ ശബ്ദം ഇപ്പോളും വാട്സ് ആപ്പ് ചാറ്റിലുണ്ട്. താൻ മാത്രമല്ല ‘ഇന്ത്യൻ റെയിൽവേ’ സ്‌ക്രീനിൽ വരുമ്പോളും വിനോദിന് അഭിമാനമാണ്. സിനിമയെ സ്നേഹിച്ചതു പോലെ അയാൾ സിനിമയിലെ ട്രെയിൻ സീക്വൻസുകളേയും സ്നേഹിച്ചിരുന്നു. നമുക്ക് എന്നെങ്കിലും കംപ്ലീറ്റ് ട്രെയിനിൽ വച്ച് ഒരു പടം എടുക്കണം, വിനോദ് പറയും. അങ്ങനെ ഒരു കഥ ചിന്തയിലും ഉണ്ടായിരുന്നു. അതിൽ ടി ടി ഇ ആകേണ്ടതും വിനോദ് ആയിരുന്നു.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചെങ്കോട്ട റെയിൽ പാതയിലൂടെ, ഒരിക്കൽ ഒരുമിച്ചു യാത്ര ചെയ്യണം, ആ യാത്രയിൽ കുറെ റെയിൽവേ കഥകൾ പങ്കുവെക്കാനുണ്ട് എന്ന് ഇടക്കിടക്ക് വിനോദ് ഓർമിപ്പിക്കും. ‘സമയം ഉണ്ടല്ലോ’ എന്ന് ഞാനും പറയും. സമയമില്ലായിരുന്നു. അടിക്കുറുപ്പ്: തള്ളി ഇട്ടവനോടുള്ള അമർഷം അടക്കിവച്ച്, പ്രിയ സുഹൃത്ത് വിനോദിനെ കുറിച്ച് മാത്രം ഓർക്കുന്ന കുറിപ്പ്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ