
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പടവെട്ട് നാളെ തിയറ്ററുകളിലേക്ക്. മികച്ച സ്ക്രീന്‍ കൌണ്ടുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. കേരളത്തില്‍ മാത്രം 186 സ്ക്രീനുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. ജിസിസിയിലും കാനഡ ഉള്‍പ്പെടെയുള്ള മറ്റു വിദേശ മാര്‍ക്കറ്റുകളിലും നാളെത്തന്നെ ചിത്രം പ്രദര്‍ശനം ആരംഭിക്കും. ജിസിസിയില്‍ യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന് റിലീസ്.
സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തില്‍ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലുകളില്‍ ഒന്നായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണ പങ്കാളി. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.
നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബിബിന്‍ പോള്‍ ആണ് സഹനിര്‍മ്മാതാവ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലി, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, കലാസംവിധാനം സുഭാഷ് കരുണ്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.