Latest Videos

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് നോമിനേഷനുകള്‍ നേടി 'പാരഡൈസ്'

By Web TeamFirst Published May 26, 2024, 7:19 PM IST
Highlights

പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്‍ത ചിത്രം

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ തേരോട്ടം തുടരുകയാണ് ന്യൂട്ടൺ സിനിമ നിർമ്മിച്ച് ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'പാരഡൈസ്'. മെയ് അവസാനവാരം ന്യൂയോർക്കിൽ വച്ച് നടക്കുന്ന ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ലഭിച്ച നാമനിർദ്ദേശങ്ങളാണു ചിത്രത്തിനു ലഭിച്ച അംഗീകാരങ്ങളിൽ ഏറ്റവും പുതിയത്. മികച്ച നടനായി റോഷൻ മാത്യുവും മികച്ച നടിയായി ദർശന രാജേന്ദ്രനും മികച്ച സംവിധായകനായി പ്രസന്ന വിത്തനാഗെയുമാണ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. റോഷൻ മാത്യുവിൻ്റെയും ദർശന രാജേന്ദ്രൻ്റെയും ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിട്ടാണ് ഈ ചിത്രത്തിലെ പ്രകടനം നിരൂപകർ വിലയിരുത്തുന്നത്.
 
ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസിന് ലഭിച്ചിരുന്നു.
 
കിം ജിസോക്ക് പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രവും ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ മേളയിൽ അംഗീകരിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യൻ ചിത്രവും കൂടിയാണ് പാരഡൈസ്. ചിത്രം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ ഒന്നാം ഭാഗത്തിനും പോയ വർഷത്തെ ഏഷ്യൻ ഫിലിം അവാർഡ്സിൽ ഇതേ വിഭാഗങ്ങളിൽ നാമനിർദേശങ്ങൾ ലഭിച്ചിരുന്നു.
 
ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കൻ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രാജീവ് രവിയാണ്. ശ്രീകർ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകർ കളറിംഗും നിർവഹിച്ചിരിക്കുന്നു‌. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന എത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണു ‘പാരഡൈസ്’ കഥ പറയുന്നത്. “കെ” സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിന് ശബ്ദരൂപകല്പന ചെയ്തിരിക്കുന്നത് തപസ് നായക് ആണ്. മികവുറ്റ ദൃശ്യങ്ങളും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസവും സമന്വയിക്കുന്ന‌ പാരഡൈസ് പ്രേക്ഷകർക്ക് മികച്ചൊരു തിയറ്റർ അനുഭവമായിരിക്കുമെന്നാണു അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
 
മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പാരഡൈസ് ജൂൺ മാസത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളിൽ എ പി ഇൻ്റർനാഷണലുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

ALSO READ : വമ്പൻ സിനിമകൾക്കൊപ്പം വന്ന ചെറിയ ചിത്രം; പ്രേക്ഷകപ്രീതി നേടി 'മന്ദാകിനി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!