
സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് പരം സുന്ദരി. വെള്ളിയാഴ്ച തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിച്ചു. രണ്ട് ഭാഷ സംസാരിക്കുന്ന, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്ന് വരുന്ന നായികാ നായകന്മാർ പലപ്പോഴും സിനിമകൾക്ക് വിഷയമായിട്ടുണ്ട്. ബോളിവുഡിൽ നിന്നാണ് ഇത്തരത്തിലുള്ള കഥാപശ്ചാത്തലത്തിൽ രസകരമായ പല ചിത്രങ്ങളും എത്തിയിട്ടുള്ളത്. സമാനമായ പ്ലോട്ടിലാണ് പരം സുന്ദരിയും എത്തുന്നത്. തുഷാർ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റൊമാൻറിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ഈ ട്രെയ്‍ലർ ചർച്ചയായത് അതിൽ നായിക പറഞ്ഞിരിക്കുന്ന ഒരു ഡയലോഗ് കാരണമായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സൂപ്പര്‍താരങ്ങളെ പരാമര്‍ശിക്കുന്ന ഒരു ഡയലോഗ് ആണ് അത്. തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ കാര്യം നായികയായ ജാന്‍വി കപൂര്‍ പറയുമ്പോള്‍ അത് തെന്നിന്ത്യന്‍ അല്ലേ എന്ന് ഒരാള്‍ ചോദിക്കുന്നു. നാല് തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രികളെ ഒന്നിച്ച് സൗത്ത് എന്ന വൃത്തത്തിലേക്ക് ചുരുക്കുന്നതില്‍ പ്രകോപിതയായ ജാന്‍വി അതത് ഭാഷകളിലെ ജനപ്രിയ താരങ്ങളുടെ പേരുകള്‍ പറയുകയാണ് പിന്നീട്. “കേരള, മലയാളം, മോഹന്‍ലാല്‍, തമിഴ്നാട്, തമിഴ്, രജനികാന്ത്, ആന്ധ്ര, തെലുങ്ക്, അല്ലു അര്‍ജുന്‍, കര്‍ണാടക, കന്നഡ, യഷ്. നിങ്ങളെ സംബന്ധിച്ച് എല്ലാ സൗത്ത് ഇന്ത്യക്കാരും മദ്രാസില്‍ നിന്നാണ്. വിവരമില്ലാത്ത, അക്ഷരമറിയാത്ത, അഹങ്കാരികളായ ഉത്തരേന്ത്യക്കാര്‍”, എന്നാണ് പ്രകോപിതയായ ജാന്‍വിയുടെ നായികാ കഥാപാത്രം പറയുന്നത്.
ദില്ലിയില്‍ നിന്നുള്ളയാളാണ് ചിത്രത്തിലെ നായകന്‍. നായിക കേരളത്തില്‍ നിന്നുള്ളയാളും. പരം സച്ച്ദേവ് എന്നാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. ദേഖ്പട്ട സുന്ദരി ദാമോദരം പിള്ള എന്നാണ് ജാന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.