സ്വന്തം സിനിമ റിലീസ് ചെയ്യാൻ കഴിയാത്ത ഒരു നടന്റെ ആരാധകരാണ് ഇതിന് പിന്നിലെന്ന് അവർ ആരോപിച്ചു.
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'ക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്നെതിരെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര. വിജയ്‌യുടെ പേരെടുത്ത് പറയാതെയായിരുന്നു സുധ കൊങ്കരയുടെ വിമർശനം. പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച് മോശമായ രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മനാഹാനിയും നടക്കുന്നുണ്ടെന്നും സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടന്റെ ആരാധകരിൽ നിന്നാണ് ഇതെല്ലാം വരുന്നതെന്നും ഇതാണ് തങ്ങൾ നേരിടുന്ന ഗുണ്ടായിസമെന്നും സുധ കൊങ്കര പ്രതികരിച്ചു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുധയുടെ പ്രതികരണം.
"സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാൽ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കൽ വാരാന്ത്യത്തിൽ കൂടുതൽ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മൾ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. നിങ്ങൾക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാൻ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരിൽ നിന്നാണ് വരുന്നത്. ഇതാണ് നമ്മൾ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും." സുധ കൊങ്കര പറഞ്ഞു.
1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്‍റെയും മറ്റും പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് പരാശക്തി ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. നായക വേഷത്തില്‍ മാത്രം കണ്ട രവി മോഹന്‍റെ പുതിയ രൂപമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പരാശക്തി. നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്ത് പ്രഖ്യാപിക്കപ്പെട്ട പുറനാനൂര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ എസ്കെ 25 ആയത് എന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അതേസമയം ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ജന നായകൻ എന്ന ചിത്രത്തോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.


