
ദില്ലി: മികച്ച നടനുള്ള ദേശീയ അവാർഡ് തനിക്ക് അവസാന നിമിഷം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡിലെ മുതിർന്ന നടൻ പരേഷ് റാവലിന്‍റെ വെളിപ്പെടുത്തല്‍. ലോബിയിംഗ് നടത്താത്തതാണ് തനിക്ക് അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം എന്നാണ് നടന്‍ പറയുന്നത്. 1990കളുടെ തുടക്കത്തിൽ നടന്ന ഒരു സംഭവത്തെത്തുടർന്നുണ്ടായ ആശയക്കുഴപ്പത്തെയും നിരാശയെയും കുറിച്ച് ബോളിവുഡിലെ പ്രമുഖതാരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
"1993-ലോ 1994-ലോ ഞാൻ മൗറീഷ്യസിൽ ഷൂട്ടിംഗ് നടത്തുകയായിരുന്നു..രാവിലെ 7:30-ഓ 8-ഓടെ, മുകേഷ് ഭട്ടിന്റെ ഒരു കോൾ എനിക്ക് ലഭിച്ചു. അദ്ദേഹം ചോദിച്ചു, ‘പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേൽക്കൂ, എഴുന്നേൽക്കൂ... സർ എന്ന ചിത്രത്തിന് നിങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുന്നു’ താരം പറഞ്ഞു.
അതിന് ശേഷം വാർത്തകൾ മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു കോള്‍ റാവലിന് ലഭിച്ചു - ഇത്തവണ ചലച്ചിത്ര നിർമ്മാതാവ് കൽപ്പന ലാജ്മിയിൽ നിന്നായിരുന്നു അത്. സർദാർ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതായി അവർ അദ്ദേഹത്തോട് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും ഉറപ്പില്ലെങ്കിലും. ചിലരോട് വിളിച്ച് അന്വേഷിച്ചെന്ന് പരേഷ് റാവല്‍ പറഞ്ഞു. സര്‍ദാര്‍ കേതന്‍ മേത്തയുടെ ചിത്രം ആയിരുന്നു. അതിന് തന്നെയാണോ പുരസ്കാരം എന്ന് കൽപ്പന ലാജ്മിയോട് ചോദിച്ചു. അത് തന്നെ എന്ന് അവര്‍ ഉറപ്പിച്ചുവെന്ന് നടന്‍ പറഞ്ഞു.
ശരിക്കും സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥയിലായിരുന്നുവെന്ന് ബോളിവുഡ് താരം പറയുന്നു. എന്നാല്‍ ദില്ലിയില്‍ എത്തിയപ്പോള്‍ തനിക്ക് സഹനടനുള്ള പുരസ്കാരം മാത്രമാണ് ലഭിക്കുക എന്ന് അദ്ദേഹം മനസ്സിലാക്കി - സർദാറിനല്ല ആ പുരസ്കാരം സാര്‍ എന്ന സിനിമയ്ക്കാണ് എന്നും വ്യക്തമായി. വ്യക്തതയ്ക്കായി അദ്ദേഹം ചലച്ചിത്ര നിർമ്മാതാവ് കേതൻ മേത്ത, നിരൂപകൻ ഖാലിദ് മുഹമ്മദ്, സംവിധായകൻ ശ്യാം ബെനഗൽ, രാഷ്ട്രീയക്കാരൻ ടി. സുബ്ബരാമി റെഡ്ഡി എന്നിവരോടെല്ലാം സംസാരിച്ചു. എവിടെയാണ് തെറ്റ് പറ്റിയത് എന്നാണ് ചോദിച്ചത്.
അതിശയകരമായ കാര്യം കേതൻ മേത്തയ്ക്ക് പോലും തീരുമാനത്തെക്കുറിച്ച് ഉറപ്പില്ലായിരുന്നു. സുബ്ബരാമി റെഡ്ഡി കാര്യം വ്യക്തമാക്കി "നിങ്ങൾ ലോബിയിംഗ് ചെയ്തില്ല. അപ്പുറത്ത് കടുത്ത ലോബിയിംഗ് നടത്തി. മമ്മൂട്ടിക്ക് അത് ലഭിച്ചു" താൻ സ്തബ്ധനായി പോയി എന്ന് പരേഷ് റാവല്‍ പറയുന്നു. 1993 ലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ബയോപിക് സർദാർ പുറത്തിറങ്ങിയത്. അതില്‍ ടൈറ്റില്‍ റോളില്‍ ആയിരുന്നു ഗുജറാത്തി നടന്‍. 1994ൽ മികച്ച നടനുള്ള അവാർഡ് വിധേയൻ, പൊന്തൻ മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.
പിന്നെയും പുരസ്കാരം സംബന്ധിച്ച് പരേഷ് പ്രതികരിച്ചു. "മോദി സർക്കാരിന്റെ കാലത്ത് എനിക്ക് അവാർഡ് ലഭിച്ചിട്ടില്ല, പക്ഷേ 2013 ൽ എനിക്ക് അത് ലഭിച്ചു. ഈ അവാർഡിനെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ ഇതിന് സാങ്കേതികതകളുണ്ട്, ആരും സിനിമ അയച്ചില്ലെങ്കില്‍ അവാര്‍ഡ് കിട്ടില്ല. എന്നാല്‍ അവാര്‍ഡില്‍ ഉള്‍കളികളും ലോബിയിംഗും ഉണ്ട്. ഓസ്‌കാറിൽ പോലും അത് സംഭവിക്കുന്നുണ്ട്. എന്തുകൊണ്ട് ഇവിടെ ആയിക്കൂടാ? എന്നും താരം ചോദിക്കുന്നു.
തന്‍റെ ചില ചിത്രങ്ങളിലെ അഭിനയം കണ്ട് രാത്രി 11 മണിക്കും 12 മണിക്കും ഫോണ്‍ വിളിച്ച് എന്ത് നല്ല അഭിനയമാണ് എന്ന് അഭിനന്ദിക്കുന്നതാണ് ശരിക്കും തനിക്ക് അവാര്‍ഡിനെക്കാള്‍ വലുത് എന്നാണ് പരേഷ് റാവല്‍ പറയുന്നത്.
'ബീയര്‍ കുടിക്കും പോലെ കുടിച്ചു': സ്വന്തം മൂത്രം കുടിച്ച് പരിക്ക് മാറിയെന്ന് നടന്‍ പരേഷ് റാവൽ
കൊച്ചുമിടുക്കി നിദക്ക് മുന്നിൽ മാലാഖയായി മമ്മൂട്ടി, ആരാധകന്റെ വാട്സ് ആപ്പ് മെസേജിൽ പുതിയ ജീവിതം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ