ജനിച്ച് മൂന്നര വയസ്സ് ആകുന്നതിനിടയിൽ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ നിദ ഫാത്തിമ കടന്ന് പോയി. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകൾ ഉണ്ടാകും. നിദയ്ക്ക് ജന്മനാ ഹൃദയത്തിൽ ഒരു അറ മാത്രമേ ( ഇടത് വെൻട്രിക്കിൾ) ഉണ്ടായിരുന്നുളളു.

മലപ്പുറം: നടൻ മമ്മൂട്ടിയുടെ ആരാധകന്റെ വാട്‌സ്ആപ്പ് സന്ദേശം ഒരു കൊച്ചുമിടുക്കിക്ക് തുണയായി. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ജസീർ ബാബുവിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് പുതു ജീവിതത്തിലേക്ക് വഴിതുറന്നത്. പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗമായ ജസീര്‍, ഓരോ മമ്മൂട്ടി ചിത്രങ്ങൾ റിലീസാകുമ്പോഴും ആദ്യ ഷോക്ക് കയറി അഭിപ്രായം മമ്മൂട്ടിയെ അറിയിക്കും. തിരിച്ച് മറുപടിയൊന്നും കിട്ടാറില്ലെങ്കിലും പത്ത് വർഷമായി ഇത് തുടരുന്നു. എന്നാൽ ഫെബ്രുവരി 27ന് പതിവുപോലെ മമ്മൂട്ടിക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ചു.

എന്നാൽ സിനിമയായിരുന്നില്ല വിഷയം, മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയുടെ ഹൃദ്രോഗവും സാമ്പത്തിക ബുദ്ധിമുട്ടുമായിരുന്നു വിഷയം. സാധാരണ മറുപടിയൊന്നും ലഭിക്കാറില്ലെങ്കിലും ഈ സന്ദേശം മമ്മൂട്ടി കേട്ടു. അര മണിക്കൂറിനുള്ളിൽ തിരിച്ചുവിളിയുമെത്തി. മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ഭാരവാഹികളാണ് ജസീറിനെ നേരിട്ട് വിളിച്ചത്.

തുടർന്നാണ് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യശസ്ത്രക്രിയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. ഏപ്രിൽ 7 ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും കുടുംബവും നാട്ടിലേക്ക് മടങ്ങി.

ജനിച്ച് നാല് ആകുന്നതിനിടയിൽ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ നിദ ഫാത്തിമ കടന്ന് പോയി. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകൾ ഉണ്ടാകും. നിദയ്ക്ക് ജന്മനാ ഹൃദയത്തിൽ ഒരു അറ മാത്രമേ ( ഇടത് വെൻട്രിക്കിൾ) ഉണ്ടായിരുന്നുളളു. ജനിച്ച് മൂന്ന് മാസത്തിൽ തന്നെ ആദ്യ സർജറി നടത്തി. തുടർന്ന് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഡ്രൈവർ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള തുക കണ്ടെത്തുക അസാധ്യമായിരുന്നു. മാസങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് ഇത് ഇരട്ടി ആഘാതവുമായി. സുഹൃത്തും, ടൈലറുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീർ അറിഞ്ഞതോടെ ആ കുടുംബത്തിന് മുന്നിൽ മമ്മൂട്ടി കാരുണ്യദൂതനായെത്തി.

രാജിഗിരിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ കെ പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കടേശ്വരൻ, പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവർ ചികിത്സയിൽ പങ്കാളികളായി. രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നതിനെ തുടർന്ന് ശരീരം നീല നിറമാകുന്ന നിദയുടെ രോഗാവസ്ഥ പൂർണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരൻ പറഞ്ഞു.

പഴയ കളിയും ചിരിയും വീണ്ടെടുത്ത് മടങ്ങാൻ ഒരുങ്ങവെ നിദയെ തേടി ഒരു അപ്രതീക്ഷിത സമ്മാനവും എത്തി. സാക്ഷാൽ മമ്മൂക്ക കൊടുത്തയച്ച ബൊക്കയും ആശംസ കാർഡും ആയിരുന്നു അതിൽ. കെയർ ആൻഡ് ഷെയർ ഭാരവാഹികളും, ജസീർ ബാബുവും ചേർന്ന് നിദക്ക് മമ്മൂട്ടിയുടെ സമ്മാനം കൈമാറി.