'അതിലും വലിയ ആഗ്രഹങ്ങളൊന്നും എനിക്കില്ല'; പാര്‍വ്വതി പറയുന്നു

By Web TeamFirst Published Apr 21, 2019, 1:12 PM IST
Highlights

'എനിക്ക് ടേക്ക് ഓഫ് ആകേണ്ട. റണ്‍വേയില്‍ സഞ്ചരിച്ചാല്‍ മതി. പക്ഷേ ആ ടേക്ക്ഓഫിന്റെ മധുരം ലഭിക്കണമെന്നേയുള്ളൂ. ഉയര്‍ന്നുപോകും എന്ന പ്രോമിസ് കിട്ടിയാല്‍ മതി.'

മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്നല്ലാതെ ഒരു അഭിനേത്രി എന്ന നിലയില്‍ മറ്റ് ആഗ്രഹങ്ങളൊന്നുമില്ലെന്ന് പാര്‍വ്വതി. 'ഞാന്‍ ഇപ്പോള്‍ റണ്‍വേയിലാണ്. ലെഫ്റ്റും റൈറ്റും പിടിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എനിക്ക് ടേക്ക്ഓഫ് ആകേണ്ട. റണ്‍വേയില്‍ സഞ്ചരിച്ചാല്‍ മതി'. ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കരിയറിന്റെ ഇപ്പോഴത്തെ നിലയെക്കുറിച്ച് പാര്‍വ്വതി സ്വന്തം അഭിപ്രായം പറയുന്നത്. സിനിമയില്‍ പാര്‍വ്വതി എത്ര ഉയരത്തില്‍ എത്തിയെന്നാണ് സ്വയം വിലയിരുത്തുന്നത് എന്ന ചോദ്യത്തിനാണ് മറുപടി.

'എനിക്ക് ടേക്ക് ഓഫ് ആകേണ്ട. റണ്‍വേയില്‍ സഞ്ചരിച്ചാല്‍ മതി. പക്ഷേ ആ ടേക്ക്ഓഫിന്റെ മധുരം ലഭിക്കണമെന്നേയുള്ളൂ. ഉയര്‍ന്നുപോകും എന്ന പ്രോമിസ് കിട്ടിയാല്‍ മതി. അങ്ങനെ പോകാനുള്ള പ്രോമിസ് കിട്ടണമെങ്കില്‍ ഇനിയും കുറെ കഥാപാത്രങ്ങള്‍ ചെയ്യണം. അതിലും വലിയ ആഗ്രഹങ്ങളൊന്നും ഒരു അഭിനേത്രിയെന്ന നിലയില്‍ എനിക്കില്ല', പാര്‍വ്വതിയുടെ വാക്കുകള്‍.

ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ നവാഗതനായ മനു ജഗത്ത് സംവിധാനം ചെയ്യുന്ന 'ഉയരെ' ആണ് പാര്‍വ്വതിയുടെ പുതിയ ചിത്രം. നമ്മുടെ സമൂഹത്തിലെ പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്ന സിനിമയാണ് ഇതെന്നും വീഴ്ചകളില്‍ നിന്നാണ് അതിജീവനത്തിനുള്ള കരുത്ത് ലഭിക്കുകയെന്ന് സിനിമ സാക്ഷ്യപ്പെടുത്തുന്നുവെന്നും പാര്‍വ്വതി.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരന്‍ പി വി ഗംഗാധരന്റെ മക്കളായ ഷെംഗ, ഷെര്‍ഗ, ഷെനുഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഉയരെ. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. ഗോപി സുന്ദറാണ് സംഗീതം. റഫീഖ് അഹ്മദും ഹരിനാരായണനും വരികള്‍ എഴുതിയിരിക്കുന്നു. ചിത്രത്തിന്റെ പുറത്തെത്തിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

click me!