
വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗദമായതിന് ശേഷം തനിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണവും ഹേറ്റ് ക്യാംപെയ്‌നും വളരെ സംഘടിതമായി നടത്തപ്പെട്ടതാണെന്ന് പാര്‍വ്വതി. മോശം കമന്റുകള്‍ വന്നിരുന്ന പല അക്കൗണ്ടുകളും ഇതിനുവേണ്ടിത്തന്നെ സൃഷ്ടിക്കപ്പെട്ടതായിരുന്നെന്നും ഒരു സൈബര്‍ ക്വട്ടേഷന്‍ പോലെയാണ് തനിക്ക് തോന്നിയതും പാര്‍വ്വതി. ഒരാളെ ശാരീരികമായി അടിച്ചുവീഴ്ത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്നതുപോലെ തന്നെയാണ് മാനസികമായി അടിച്ചുവീഴ്ത്താനുള്ള സൈബര്‍ ആക്രമണമെന്നും പാര്‍വ്വതി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി തനിക്കുനേരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്ന കാലം ഓര്‍ത്തെടുക്കുന്നത്.
'യഥാര്‍ഥ പ്രേക്ഷകര്‍ ആ ഡിസ്ലൈക്ക് ക്യാംപെയ്‌നിന്റെ ഭാഗമായിരുന്നില്ല'
'മോബ് സൈക്കോളജി എന്ന ഒരു കാര്യമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലൊക്കെ കാണുന്ന ഒരു പ്രവണതയുമാണ് ഇത്. ഒരു സംഘം ആളുകളില്‍ സ്വാധീനമുണ്ടെന്ന് ഉറപ്പിച്ചാല്‍ അവരെ എങ്ങനെ വേണമെങ്കിലും ചലിപ്പിക്കാനാകുമെന്ന തിരിച്ചറിവ്. ആ തിരിച്ചറിവ് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കപ്പെടാം. സത്യസന്ധമായി സിനിമയെ സമീപിക്കുന്നവരും രാഷ്ട്രീയം സംസാരിക്കുന്നവരുമായ പ്രേക്ഷകര്‍ ആ ഡിസ്ലൈക്ക് ക്യാംപെയ്നിന്റെ ഭാഗമായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഹേറ്റ് ക്യാംപെയ്ന്‍ നടന്നപ്പോള്‍ ഞാനൊരു ഓണ്‍ലൈന്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്ന് എനിക്ക് മനസിലായത് ആ കമന്റുകള്‍ വന്ന പല അക്കൗണ്ടുകളും കമന്റ് ഇടുന്നതിന് അര മണിക്കൂര്‍ മുന്‍പ് മാത്രം സൃഷ്ടിക്കപ്പെട്ടതാണ് എന്നായിരുന്നു. അത് കഴിഞ്ഞാല്‍ ആ അക്കൗണ്ടുകള്‍ കാണാനും പറ്റില്ല. ഡിസ്ലൈക്കുകളുടെ എണ്ണം കൂട്ടാനുള്ള ഒരു സംഘടിത ആക്രമണമായിരുന്നു അത്.
ഒരാളെ ശാരീരികമായി അടിച്ചുവീഴ്ത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്നതുപോലെ തന്നെയാണ് മാനസികമായി അടിച്ചുവീഴ്ത്താനുള്ള സൈബര്‍ ആക്രമണവും. സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ഞാനടക്കമുള്ള ഒരുപാട് പേര്‍ക്കുനേരെ ഇത്തരത്തിലുള്ള ആക്രമണമുണ്ടായത്. ഈ സംഘങ്ങള്‍ പലരെക്കൊണ്ടും മാപ്പ് പറയിപ്പിച്ചിട്ടുണ്ട്, അവര്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ക്ക്. സജിതാ മഠത്തില്‍, റിമ തുടങ്ങിയ ഏതാനും പേരൊക്കെയേ ആ വെല്ലുവിളിയെ അതിജീവിച്ചിട്ടുള്ളൂ. രണ്ട് വര്‍ഷം മുന്‍പ് ഞങ്ങളുടെ സുഹൃത്തിനുണ്ടായ അനുഭവത്തിന്റെ ഓര്‍മ്മയില്‍, സൈബര്‍ ആക്രമണം നേരിട്ട സമയത്തൊന്നും എടുത്ത നിലപാടിന്റെ കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഉണ്ടായില്ല.
രണ്ട് വര്‍ഷത്തിനിപ്പുറം ഉയരെ റിലീസ് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന പ്രതികരണങ്ങളൊക്കെ വേറെ തരത്തിലാണ്. യഥാര്‍ഥ സിനിമാപ്രേക്ഷകരാണ് കമന്റുകള്‍ ചെയ്യുന്നത്. പല ഫാന്‍സും എഴുതുന്നുണ്ട്. അതെനിക്ക് അത്ഭുതമുണ്ടാക്കിയ സംഗതിയാണ്. നിങ്ങളുമായി ഇപ്പോഴും വിയോജിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഉയരെയുടെ ട്രെയ്ലറോ പാട്ടോ ഒക്കെ നന്നായിട്ടുണ്ടെന്ന് പറയുന്നത്. ഞാനെന്ന വ്യക്തിയോട് അഭിപ്രായവ്യത്യാസമുള്ളവര്‍ പോലും എന്റെ ഒരു വര്‍ക്കിനെ വര്‍ക്കായി കണ്ട് അതിനെ പ്രശംസിക്കുന്നത് സാമൂഹികമായ വളര്‍ച്ചയുടെ ലക്ഷണമാണെന്നാണ് ഞാന്‍ കരുതുന്നത്. ആ മാറ്റത്തില്‍ എന്തെങ്കിലുമൊരു പങ്കാളിത്തം എനിക്കോ ഡബ്ല്യുസിസിക്കോ ഉണ്ടെങ്കില്‍, അതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്."
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ