'ഇനിയും നിനക്കേറെ ദൂരം പോകാനുണ്ട് എന്റെ പ്രിയപ്പെട്ട പോരാളിയായ രാജ്ഞി..; റിമയ്ക്ക് ആശംസകളുമായി പാർവ്വതി

By Web TeamFirst Published Jun 7, 2019, 7:41 PM IST
Highlights

നമുക്ക് വേണ്ടപ്പെട്ടവരുടെ വേദനകളിൽ അവരെ എങ്ങനെ പിന്തുണക്കണമെന്ന് കാണിച്ചു തന്നതും തനിക്കെന്നും വിശ്വസിക്കാൻ കഴിയുന്ന സുഹൃത്തും റിമയാണെന്നും പാർവ്വതി കുറിച്ചു.

കൊച്ചി: നടി റിമ കല്ലിങ്കൽ ആദ്യമായി നിർമ്മാണം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന് ആശംസകൾ നേർന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ആശംസകളുമായി പാർവ്വതി രം​ഗത്തെത്തിയത്. റിമയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്ന്‌ പറഞ്ഞുകൊണ്ടാണ് പാർവ്വതി പോസ്റ്റ് തുടങ്ങുന്നത്. വൈറസിന്റെ ചിത്രീകരണ വേളയിൽ പകർത്തിയ ഇവരുവരുടേയും ഫോട്ടോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

'റിമ നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുകയാണ്. എങ്ങനെ നല്ലൊരു ​ഗെയിം ചെയിഞ്ചറാവണമെന്നും സത്യസന്ധയാവണമെന്നും നിലപാടുകളില്‍ സന്ധി ചെയ്യാത്ത കലാകാരിയാവണമെന്നും എന്നെ പഠിപ്പിച്ചത് നീയാണ്'. പാർവ്വതി കുറിച്ചു.

മറ്റുള്ളവരോടുള്ള സത്യസന്ധതയുടെയും അതിലുപരി അവനവനോട് തന്നെയുള്ള സത്യസന്ധതയുടെയും മൂല്യം പഠിപ്പിച്ചതും നീയാണ്. ഏറെ ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യങ്ങളിൽ നീ എന്നോടൊപ്പം ഉണ്ടായിരുന്നു. നമുക്ക് വേണ്ടപ്പെട്ടവരുടെ വേദനകളിൽ അവരെ എങ്ങനെ പിന്തുണക്കണമെന്ന് കാണിച്ചു തന്നതും തനിക്കെന്നും വിശ്വസിക്കാൻ കഴിയുന്ന സുഹൃത്തും റിമയാണെന്നും പാർവ്വതി കുറിച്ചു.

വൈറസിലെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് റിമ സഹായിച്ചതിനെക്കുറിച്ചും പാര്‍വതി പോസ്റ്റില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 'റിമ കല്ലിങ്കല്‍ പ്രസന്റ്‌സ്' എന്ന എഴുത്തില്‍ തുടങ്ങുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്. ഇനിയും നിനക്കേറെ ദൂരം പോകാനുണ്ട് എന്റെ പ്രിയപ്പെട്ട പോരാളിയായ രാജ്ഞി...എന്ന് പറഞ്ഞുകൊണ്ടാണ് പാർവ്വതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
 
കേരളക്കരയാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ അടിസ്ഥാനമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തത് ആഷിക് അബുവാണ്. ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയുടെ വേഷത്തില്‍ എത്തുന്നത് റിമ കല്ലിങ്കലാണ്.


click me!