
മലയാളി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഐ നോബഡി. പൃഥ്വിരാജിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് യുവനിരയിലെ ശ്രദ്ധേയ സംവിധായകനായ നിസാം ബഷീര്‍ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചും നിസാം ബഷീറിന്‍റെ ഫിലിംമേക്കിംഗ് ശൈലിയെക്കുറിച്ചും പറയുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാര്‍വതി തിരുവോത്ത്. നിസാമിന്‍റെ ഫിലിം മേക്കിംഗ് ശൈലിയുടെ വിദ്യാര്‍ഥിയായി താന്‍ മാറിയെന്ന് പാര്‍വതി പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
“ഐ നോബഡിയെക്കുറിച്ചുള്ള ചോദ്യത്തിന് പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- ഞാന്‍ അഭിനയിച്ച 99 ശതമാനം സിനിമകള്‍ക്കും ഇംഗ്ലീഷ് പേരുകളാണ്. ഐ, നോബഡി. ഗംഭീര പേരല്ലേ? ഒരു സറ്റയര്‍ ആണ് ചിത്രം. സ്റ്റൈലിസ്റ്റിക് ആയാണ് അത് എടുത്തിരിക്കുന്നത്. ഒരു നടി എന്ന നിലയില്‍ വ്യത്യസ്തമായ അനുഭവമായിരുന്നു എനിക്ക്. ഫിലിം മേക്കിംഗ് സ്റ്റൈലിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് നിസാം ബഷീര്‍. ക്യാമറ ആംഗിള്‍, മൂവ്മെന്‍റ്, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ എല്ലാ കാര്യങ്ങളിലും. ചിലപ്പോള്‍ സിനിമയുടെ പശ്ചാത്തല സംഗീതം അദ്ദേഹം സെറ്റില്‍ പ്ലേ ചെയ്യാറുണ്ട്. അങ്ങനെയാണ് റിഹേഴ്സലുകള്‍ നടക്കാറ്. ആദ്യമായാണ് അഭിനയിച്ച ഒരു സിനിമയുടെ മോണിറ്ററിന് പിന്നില്‍ ഇരുന്ന് ഓരോ ഷോട്ടും ഞാന്‍ കാണുന്നത്. ഞങ്ങളുടെ അഭിനയത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കകളൊന്നുമില്ല. പക്ഷേ ഇന്ന മൂവ്മെന്‍റ് കൃത്യമായി വേണമെന്ന് ആവശ്യപ്പെടും. അതിനാല്‍ത്തന്നെ ഒരു മൂവ്മെന്‍റ് കൊറിയോഗ്രഫി പോലെയാണ് ചിത്രീകരണം തോന്നാറ്”, പാര്‍വതി പറയുന്നു.
“ശരിക്കും ചിത്രീകരണ സമയത്ത് മോണിറ്ററില്‍ നോക്കാന്‍ എനിക്ക് ഇഷ്ടമല്ല. കാരണം അങ്ങനെ നോക്കിയാല്‍ അടുത്ത ഷോട്ടില്‍ എന്നെ കൂടുതല്‍ സുന്ദരിയായി കാണാന്‍ സാധിക്കുന്ന രീതിയില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. പക്ഷേ ഈ സിനിമയില്‍ അത് ചെയ്യണമായിരുന്നു. നിസാമിന്‍റെ ഫിലിംമേക്കിംഗ് ശൈലിയുടെ വിദ്യാര്‍ഥിയായി ഞാന്‍ മാറി. എന്തുകൊണ്ടാണ് എന്‍റെ കഥാപാത്രം അങ്ങനെ പറയുന്നതെന്ന് തിരക്കഥാകൃത്തിനോട് ചോദിച്ചാല്‍ സമാധാനപൂര്‍വ്വം എന്‍റെ അടുത്തിരുന്ന് അതേക്കുറിച്ച് സംസാരിക്കുമായിരുന്നു”, പാര്‍വതി തിരുവോത്തിന്‍റെ വാക്കുകള്‍. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൻറെ ഭാഗമാവുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ