
മൂന്നു തവണ അടുപ്പിച്ചു ക്യാപ്റ്റൻ. ഒരിക്കലും എലിമിനേഷനിൽ വരാത്ത മത്സരാർത്ഥി. ബിഗ് ബോസ് തുടങ്ങി ഏഴ് ആഴ്‍ച ആവുമ്പോൾ മത്സരാര്‍ഥികളില്‍ ശ്രദ്ധേയമായ മാറ്റം സംഭവിച്ച ഒരാൾ പാഷാണം ഷാജിയാണ്. ഗെയിം തുടങ്ങുമ്പോൾ പാഷാണം ഷാജി മികച്ച പ്രകടനം ആയിരിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതിയത്. സിനിമ താരം, കോമഡി ഷോകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി താരം. ഒരു മുഴുനീള തമാശയാണ് പ്രേക്ഷകർ ആദ്യം പാഷാണം ഷാജിയെ കണ്ടപ്പോൾ കരുതിയത്. എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തികൊണ്ട് പാഷാണം ഷാജി എവിടെയുമില്ലാതെ ഒതുങ്ങി പതുങ്ങി ഇരുന്നു. പിന്നെ മെല്ലെ അടുക്കളയിൽ ചേക്കേറി.
ഒടുവിൽ ലാലേട്ടൻ നിങ്ങളെന്താണ് ഷാജി അടുക്കളയിൽ ഇരിക്കുന്നത്? നിങ്ങളെ കാണാനേ ഇല്ലല്ലോ, ഇനി നിങ്ങൾ അടുക്കളയിൽ കയറരുത് എന്ന് പറഞ്ഞപ്പോഴാണ് പാഷാണം ഷാജി ഗെയിമിൽ ആക്ടീവായി തുടങ്ങിയത്. അതിനു ശേഷം വീണയും ആര്യയും സാജു നവോദയ ആയിട്ടല്ല പാഷാണം ഷാജി ആയിട്ടാണ് ബിഗ് ബോസ് വീട്ടിൽ നിൽക്കേണ്ടത് എന്നാവശ്യപ്പെടുന്നു. അന്ന് മുതൽ ഒരു ഗംഭീര മേക്ക് ഓവറാണ് ഷാജിക്ക് വന്നത്. അദ്ദേഹം പൂർണമായും പാഷാണം ഷാജിയായി മാറി. അതിനു ശേഷം ഷാജി അടുക്കളയിൽ പോയിട്ടേയില്ല. മെല്ലെ മെല്ലെ ആക്ടീവായി തുടങ്ങി. ലക്ഷ്വറി ടാസ്ക്കിൽ ആക്ടീവായി. വീട്ടിൽ ആക്ടീവായി.
എല്ലായിടത്തും പാഷാണം കൊണ്ട് വെക്കുകയാണ് പാഷാണം ഷാജിയുടെ മെയിൻ. പാഷാണം ഷാജി തന്റെ കഥാപാത്രമായി മാറുമ്പോൾ കോമഡി ഷോകളിൽ പറയുന്ന ഒരു ഡയലോഗുണ്ട്. എന്തിനാ ഷാജിയെ ഇങ്ങനെ ആളുകളെ മക്കാറാക്കുന്നത് എന്ന് ചോദിച്ചാൽ ഷാജി പറയും, തെറ്റിക്കുമ്പോ ഒരു സുഖം, തമ്മിലടിപ്പിക്കുമ്പോ ഒരു സുഖം. ഒരു മനസുഖം എന്ന്. അത് തന്നെയാണ് ബിഗ് ബോസിലെ മത്സരാർത്ഥിയായ പാഷാണം ഷാജിയും.
ബിഗ് ബോസ് വീട്ടിലെ കാരണവരായ ചേട്ടനാവാൻ ആഗ്രഹിച്ചു കൊണ്ട് വീടിന്റെ പടി കയറി വന്ന ആൾ രജിത് കുമാറാണ്. എന്നാൽ പെണ്ണുങ്ങൾ കാരണവരായി സ്വീകരിച്ചത് പാഷാണം ഷാജിയെയാണ്. അടുക്കളയിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മനസിലേക്കുള്ള വഴി എന്നത് വെറും പഴമൊഴിയല്ല എന്ന് ഷാജി തെളിയിച്ചു.
ബിഗ് ബോസിലെ ഷാജിയുടെ പ്രത്യേകതകൾ
1 . ആദ്യ ആഴ്‍ചകളിൽ നിശബ്‍ദനായിരുന്ന് എലിമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു.
2 . ആക്ടീവായപ്പോ വീട്ടിലെ പ്രധാന മധ്യസ്ഥനായി.
3 . ആ വീട്ടിൽ എല്ലാവരോടും സംസാരിക്കുന്ന, അടുപ്പം സൂക്ഷിക്കുന്ന വ്യക്തി പാഷാണം ഷാജി മാത്രമാണ്.
4 . നായകനാവണമെങ്കിൽ അതിനു എതിർ നില്ക്കാൻ ഒരു വില്ലൻ വേണമെന്ന് ആദ്യം തിരിച്ചറിഞ്ഞ ആൾ ഷാജിയാണ്. അതിനായി ഉയിർത്തെഴുന്നേറ്റു വരുന്ന ഷാജി ആദ്യം ചെയ്‍തത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രജിത് കുമാറിനെ തീന്മേശയിൽ വച്ച് ശകാരിക്കുകയാണ്. പ്രേക്ഷകർ വെറുത്തെങ്കിലും അങ്ങനെ ഷാജി വീട്ടിലെ മറ്റുള്ളവരുടെ കണ്ണിലുണ്ണിയായി.
5 . ആദ്യഘട്ടത്തിൽ ഷാജി രജിത് കുമാറുമായി നിരന്തരം ഉരസലുകളുണ്ടാക്കി മറ്റുള്ളവരുമായി യോജിച്ചു കൊണ്ട് മുന്നോട്ട് പോയി. ഗാങ് ഉറപ്പിക്കാൻ രജിത് കുമാറിനെ പന്നിക്കൂട്ടിൽ വളർന്നവർ എന്നും പട്ടി ചന്തക്കു പോയ പോലെ വളർന്നവൻ എന്നും പട്ടിത്തീട്ടം എന്നും വിളിച്ചു.
6 . എന്നാൽ ഇപ്പോ ഷാജി കളി വീണ്ടും മാറ്റിയിരിക്കുന്നു. ഇപ്പോൾ ഷാജി മെല്ലെ ഒറ്റയ്‍ക്ക് കളിയ്ക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ ഫക്രുവിനെയും വീണയെയും ആര്യയെയും മഞ്ജുവിനെയും കൂടെ നിർത്തി കളിച്ച ഷാജി ഇപ്പോ ഒറ്റയാനാണ്. ടാസ്ക്കുകളിൽ ഫുക്രുവിനെയും വീണയെയും മഞ്ജുവിനെയും ആക്രമിക്കാൻ ഷാജിക്ക് ഒരു വ്യക്തി ബന്ധവും തടസ്സമാവുന്നില്ല.
ഇപ്പോൾ ഗെയിമിലെ ഷാജി മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകർക്കും ഒരു പേടി സ്വപ്‍നമാണ്. ഷാജി നല്ല ഉയരവും താടിയും ആരോഗ്യവുമുള്ള മനുഷ്യനാണ്. ബിഗ് ബോസ് നൽകുന്ന പല ടാസ്ക്കുകളും കൈയൂക്ക് കൊണ്ട് ജയിക്കാവുന്നതാണ്. കഴിഞ്ഞ ടാസ്ക്ക് ദിവസം ഫുക്രുവിന്റെ കഴുത്തിൽ പാഷാണം ഷാജി കുത്തിപ്പിടിക്കുകയും ഫുക്രുവിന് കഴുത്തിന് പരിക്ക് പറ്റുകയുമുണ്ടായി. അന്ന് ഫുക്രു പറയുന്നുണ്ട്, ഷാജി അടുത്തേക്ക് വരുമ്പോൾ വീണ്ടും എന്റെ കഴുത്തിൽ കുത്തിപിടിക്കുമോ എന്ന് പേടിച്ചാണ് ഞാൻ നിന്നത് എന്ന്. അത് തന്നെയാണ് ടാസ്ക്ക് ദിവസങ്ങളിൽ ഇപ്പോള്‍ പ്രേക്ഷകരുടെയും അവസ്ഥ.
ഷാജി വീണയ്‍ക്ക് നേരെയും ആര്യക്കു നേരെയും ഫുക്രുവിന് നേരെയും രജിത്തിന് നേരെയും തിരിയുമ്പോൾ പ്രേക്ഷകരും ശ്വാസം പിടിക്കുകയാണ്. ആർക്ക് വേദനിക്കും, ആർക്ക് പരിക്ക് പറ്റും എന്നോർത്തു കൊണ്ട്,
ആദ്യദിവസങ്ങളിൽ പ്രേക്ഷകരെ അങ്ങേയറ്റം നിരാശപ്പെടുത്തിയ പാഷാണം ഷാജി അങ്ങനെ കളി തുടങ്ങിയിരിക്കുന്നു.
എറണാകുളം ഉദയംപേരൂർ സ്വദേശിയാണ് സാജു നവോദയ എന്ന പാഷാണം ഷാജി. കൊച്ചിൻ നവോദയ എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് മിമിക്രി വേദികളിൽ സജീവമാകുന്നത്. കോമഡി സ്‌കിറ്റുകളില്‍ സാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ പാഷാണം ഷാജി കേരളീയർ ഏറ്റെടുത്തു. അങ്ങനെ സാജു നവോദയ പാഷാണം ഷാജിയായി മാറി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ