'സ്കോച്ചി'നു പകരം 'ഡ്രിങ്ക്'; വിവാദഗാനത്തില്‍ 3 കട്ടുകള്‍; 'പഠാന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

By Web TeamFirst Published Jan 5, 2023, 4:32 PM IST
Highlights

സിബിഎഫ്സിയുടെ പരിശോധനാ കമ്മിറ്റി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണങ്ങള്‍ ആണ്

ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത പഠാന്‍ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ആകെ 10 കട്ടുകളാണ് സിബിഎഫ്സി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കട്ടുകളോടെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സിബിഎഫ്സി നിര്‍ദേശിച്ച കട്ടുകള്‍ക്ക് ഇപ്പുറം ചിത്രത്തിന്‍റെ ആകെ ദൈര്‍ഘ്യം 146 മിനിറ്റ് (2 മണിക്കൂര്‍ 26 മിനിറ്റ്) ആണ്.

സിബിഎഫ്സിയുടെ പരിശോധനാ കമ്മിറ്റി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണങ്ങള്‍ ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. റോ (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിംഗ്) എന്ന വാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിയിട്ടുണ്ട്. പിഎംഒ (പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്) എന്ന വാക്ക് 13 ഇടങ്ങളില്‍ ഒഴിവാക്കി. പിഎം (പ്രധാനമന്ത്രി) എന്ന വാക്കിനുപകരം പ്രസിഡന്‍റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു. അശോക് ചക്ര എന്നതിനു പകരം വീര്‍ പുരസ്കാര്‍ എന്നും എക്സ്- കെജിബി എന്നതിനു പകരം എക്സ് എസ്ബിയു എന്നും മാറ്റി. മിസിസ് ഭാരത് മാത എന്നതിനു പകരം ഹമാരി ഭാരത് മാത എന്നാക്കി. മറ്റൊരു സംഭാഷണത്തില്‍ സ്കോച്ച് എന്നതിനു പകരം ഡ്രിങ്ക് എന്നാക്കി. ബ്ലാക്ക് പ്രിസണ്‍, റഷ്യ എന്നതില്‍ നിന്നും റഷ്യ എന്ന വാക്ക് നീക്കി. 

ALSO READ : 'പഠാന്‍' ഇപ്പോഴേ തകര്‍ന്നു, സിനിമയില്‍ നിന്ന് വിരമിച്ചൂടേയെന്ന് ചോദ്യം; ഷാരൂഖ് ഖാന്‍റെ മറുപടി ട്രെന്‍ഡിംഗ്

സംഭാഷണങ്ങള്‍ കൂടാതെ മൂന്ന് ഷോട്ടുകളും നീക്കാന്‍ സിബിഎഫ്സി ആവശ്യപ്പെട്ടിരുന്നുവെന്ന് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദമായ ബഷറം രംഗ് എന്ന ഗാനത്തിലേതാണ് ഈ മൂന്ന് ഷോട്ടുകളും. നിതംബത്തിന്‍റെ ക്ലോസപ്പ് ഷോട്ട്, വശത്തുനിന്നുള്ള ഷോട്ട് (ഭാഗികമായ നഗ്നത) എന്നിവയ്ക്കൊപ്പം ഗാനത്തില്‍ ബഹുത് ടംഗ് കിയാ എന്ന വരികള്‍ വരുമ്പോഴത്തെ നൃത്ത ചലനവും ഒഴിവാക്കാന്‍ സിബിഎഫ്സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീക്കേണ്ട ഷോട്ടുകളുടെ സമയദൈര്‍ഘ്യം എത്രയെന്ന് ബോര്‍ഡ് അറിയിച്ചിട്ടില്ല. 

അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍ ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. 

click me!