
പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ നാടകീയമായി വാൾ വീശുന്ന പവൻ കല്യാണിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വാൾ വീശുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന ബോഡിഗാർഡ് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെടുന്നത്. പുതിയ ചിത്രം ഒ.ജിയുടെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു സംഭവം. ഇത്തരത്തിലുള്ള കാര്യങ്ങളിലൂടെ എന്ത് സന്ദേശമാണ് പ്രേക്ഷകർക്ക് ഇത്തരത്തിലുള്ള സൂപ്പർ താരങ്ങൾ നൽകുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ.
സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയിലാണ് തെലുങ്ക് ആരാധകർ കാത്തിരിക്കുന്നത്. ഡിവിവി പ്രൊഡക്ഷന്‍ നിർമ്മിക്കുന്ന ഒജി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്. പ്രിയങ്ക മോഹൻ, അർജുൻ ദാസ്, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. തമൻ എസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ ആദ്യ ഷോ രാത്രി ഒരു മണി മുതൽ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ഷോയ്ക്ക് 1000 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്. ഒരു മണിക്ക് ശേഷം 11 മണിക്കാകും സിനിമയുടെ അടുത്ത ഷോ ഉണ്ടാകുക. ഈ ഷോയിലും ടിക്കറ്റ് വർദ്ധനവുണ്ട്. സിംഗിൾ സ്‌ക്രീനുകളിൽ 125 രൂപയും മൾട്ടിപ്ലക്സുകളിൽ 150 രൂപയുമാണ് വർധിപ്പിക്കുന്നത്. അതേസമയം, റിലീസ് അടുത്തുകൊണ്ടിരിക്കെ ടിക്കറ്റുകൾക്ക് വൻ ഡിമാന്റാണ് വന്നുകൊണ്ടിരിക്കുന്നത്.