
പ്രഭാസ് നായകനായ സാഹോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് സുജീത്. നടൻ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രമായി എത്തിയ 'സാഹോ'യ്‍ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിരുന്നില്ല. ഇപ്പോഴിതാ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രവുമായി സുജീത് എത്തിയിരിക്കുകയാണ്. പവൻ കല്യാണ്‍ നായകനാകുന്ന ആ ചിത്രത്തിന് 'ഒജി' (ദേ കോള്‍ ഹിം ഓജി) എന്നാണ് പേര്. വ്യഴാഴ്‍ചയായിരുന്നു റിലീസ്. ഓപ്പണിംഗില്‍ 154 കോടിയുടെ കളക്ഷൻ ചിത്രം നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ നാല് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ നിന്ന് മാത്രമായി 200.85 കോടി നേടിയിരിക്കുകയാണ് ഒജി. ഇന്ത്യയില്‍ നിന്ന് മാത്രമായി 145.85 കോടി ഒജി നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്‍തതോടെ ചിത്രം വൈകി. എന്തായാലും ഒജി റിലീസായിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റാണ് ഒജിക്ക് ലഭിച്ചിരുന്നത്. ഒജിയില്‍ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‍മി നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു, പ്രിയങ്ക മോഹൻ നായികയായി എത്തിയിരിക്കുന്നു. രവി കെ ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ ഇതില്‍ ടൈറ്റില്‍ വേഷത്തില്‍ 'ഒജാസ് ഗംഭീര' എന്ന 'ഒജിയായ' പവൻ കല്യാണിനും നായിക പ്രിയങ്കയ്ക്കും വില്ലൻ ഇമ്രാന്‍ ഹാഷ്‍മിക്കും പുറമേ പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും അഭിനയിക്കുന്നുണ്ട്. ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. ഹരീഷ് പൈയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശ്വിൻ മണിയും.
പവൻ കല്യാണിന്റേതായി ഇതിനുമുമ്പ് വന്ന ചിത്രം ഹരി ഹര വീര മല്ലു ആണ്. എന്നാല്‍ പ്രതീക്ഷിച്ച തോതില്‍ കളക്ഷൻ ചിത്രത്തിന് നേടാനായിരുന്നില്ല. ഹരി ഹര വീര മല്ലു ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 116.83 കോടി രൂപയോളം നേടിയിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലിലൂടെ ചിത്രം ഒടിടിയില്‍ എത്തിയിട്ടുമുണ്ട്.
കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യും സംവിധാനം ചെയ്‍ത ഹരി ഹര വീര മല്ലു വിദേശത്ത് നിന്ന് മാത്രം 14 കോടിയും നേടിയിട്ടുണ്ട്. നിധി അഗര്‍വാളാണ് നായികയായി എത്തിയിരുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വോഹിച്ചിരിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക