
മലയാളത്തിലെ അഭിനേതാക്കളുടെ പ്രകടന മികവിനെക്കുറിച്ച് ഇതര ഇന്‍ഡസ്ട്രികളിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ പലപ്പോഴും പറയാറുണ്ട്. യാഥാര്‍ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രകടനത്തിന് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും കൈയടി ലഭിക്കുന്നത് സാധാരണമാണ്. ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട അഭിനേതാക്കളെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് താരത്തിന്‍റെ മറുപടി ഇന്ത്യക്കാര്‍ക്കിടയില്‍, വിശേഷിച്ചും മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ബ്രിട്ടീഷ് നടനും ഗായകനും പാട്ടെഴുത്തുകാരനുമൊക്കെയായ കോസ്മോ ജാര്‍വിസിന്‍റെ ഒരു അഭിമുഖത്തിലെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ആര്‍ട്ടിക്കിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ പ്രതികരണം.
പ്രശസ്ത ബ്രിട്ടീഷ് ഹിസ്റ്റോറിക്കല്‍ ക്രൈം ഡ്രാമ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്സിലെ ബാര്‍ണി തോമസണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയിട്ടുള്ള ആളാണ് കോസ്മോ ജാര്‍വിസ്. കൂടാതെ നിരവധി സിനിമകളിലും മറ്റ് സിരീസുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട നടന്മാര്‍ ആരൊക്കെയെന്ന ചോദ്യത്തിന് 33 പേരുകളാണ് ജാര്‍വിസ് പറയുന്നത്. അതില്‍ ഇന്ത്യയില്‍ നിന്നുതന്നെ ഒരേയൊരു നടനേ ഉള്ളൂ. പക്ഷേ അത് മലയാളത്തില്‍ നിന്നാണ്. മലയാളത്തിന്‍റെ മോഹന്‍ലാലിന്‍റെ പേരാണ് മറ്റ് 32 പേര്‍ക്കൊപ്പം കോസ്മോ ജാര്‍വിസ് പരാമര്‍ശിക്കുന്നത്.
ചാര്‍ലി ചാപ്ലിന്‍, ആന്തണി ഹോപ്കിന്‍സ്, ഗാരി ഓള്‍ഡ്മാന്‍, ജീന്‍ ഹാക്ക്മാന്‍, വാക്കീന്‍ ഫീനിക്സ് തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്‍റെ പേരും ജാര്‍വിസ് പറഞ്ഞിരിക്കുന്നത്. അഭിമുഖത്തിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്. 2012 ല്‍ പുറത്തെത്തിയ ദി നോട്ടി റൂം എന്ന ചിത്രത്തിലൂടെയാണ് കോസ്മോ ജാര്‍വിസ് അഭിനയരംഗത്തേക്ക് എത്തുന്നത്. ജോസഫ് സ്റ്റാലിന്‍റെ ജീവചരിത്ര സിനിമയായ യംഗ് സ്റ്റാലിന്‍ ആണ് അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്നത്. ചിത്രത്തില്‍ സ്റ്റാലിനായി അഭിനയിക്കുന്നത് കോസ്മോ ജാര്‍വിസ് ആണ്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്‍റെ റിലീസ്.
അതേസമയം മോഹന്‍ലാലിന്‍റെ സംബന്ധിച്ച് തിരിച്ചുവരവിന്‍റെ വര്‍ഷമായിരുന്നു ഇത്. 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി ഈ വര്‍ഷം പുറത്തെത്തിയത്. എമ്പുരാന്‍, തുടരും എന്നിവയായിരുന്നു അത്. ഓണം റിലീസ് ആയെത്തിയ ഫീല്‍ ഗുഡ് ചിത്രം ഹൃദയപൂര്‍വ്വവും മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ തുടരുന്നുണ്ട്. സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ യുഎസ്‍പി.