
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് പുറമെ മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ദൃശ്യം 3 എന്നാണ് ഉത്തരം. ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള മലയാളത്തിലെ ഫ്രാഞ്ചൈസി ആയതിനാലാണ് മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയിലുമുള്ള ഈ കാത്തിരിപ്പ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ വിപണിമൂല്യം വലുതാണ്. അത് വ്യക്തമാക്കുന്ന ചില നിയമ വ്യവഹാരങ്ങളും തര്‍ക്കങ്ങളുമൊക്കെ കോടതിയില്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ തങ്ങള്‍ നടത്താനിരിക്കുന്ന വന്‍ മുതല്‍മുടക്കിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് സ്റ്റുഡിയോ ആയ പെന്‍ സ്റ്റുഡിയോസ്.
മോഹന്‍ലാല്‍ നായകനാവുന്ന ദൃശ്യം 3 ന് വേണ്ടി പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കാന്‍ പോവുകയാണെന്നാണ് നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ്. ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ പനോരമ സ്റ്റുഡിയോസ് വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് സംബന്ധിച്ച് കോടതിയില്‍ ഒരു കേസും എത്തിയിട്ടുണ്ട്.
ദൃശ്യം 3 ന്‍റെ ഡിജിറ്റല്‍ റൈറ്റ്സില്‍ അവകാശവാദം ഉന്നയിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതിയെയും ഇവര്‍ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ദൃശ്യം 3 ന്‍റെ ഒടിടി കരാറില്‍ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുന്നത് താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് ആറ് ദിവസം മുന്‍പ് വരെ. ഇത് നിര്‍മ്മാതാക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്. മെയ് 21 ആണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള റിലീസ് തീയതി.
അതേസമയം പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ദൃശ്യം 3 കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലത് തകര്‍ക്കുമെന്ന് ഉറപ്പാണ്. ദൃശ്യം 2 നും ഈ സാധ്യത ഉണ്ടായിരുന്നെങ്കിലും കൊവിഡ് സമയത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് ചിത്രം എത്തിയത്. എന്നാല്‍ ദൃശ്യം 3 ന് മുന്നോടിയായി റീ റിലീസ് ആയി ദൃശ്യം 2 തിയറ്ററുകളില്‍ എത്തിയപ്പോള്‍ കാണികള്‍ ഉണ്ടായില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ