
കൊച്ചി: പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥയുടെ മോഷണം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. തന്‍റെ കഥ മോഷ്ടിച്ചാണ് ചിത്രം നിർമിക്കുന്നതെന്ന് പരാതിപ്പെട്ട് തമിഴ്നാട് സ്വദേശി മഹേഷ് എം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്‍റെ നടപടി. ഇത് സംബന്ധിച്ച് ഹർജിക്കാരൻ പാലാ സബ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പരിഗണിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് .
ജൂൺ 30നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കടുവാക്കുന്നേൽ കുറുവച്ചനായിട്ടാണ് പൃഥ്വിരാജ് സിനിമയിലെത്തുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ലിറിക് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. 'പാൽവർണ്ണ കുതിരമേൽ ഇരുന്നൊരുത്തൻ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ലിബിൻ സ്കറിയ, മിഥുൻ സുരേഷ്, ശ്വേത അശോക് എന്നിവർ ചേർന്നാണ്. സന്തോഷ് വർമ്മയുടെ മനോഹരവരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
Kaduva : പോരടിക്കാൻ പൃഥ്വിരാജും വിവേക് ഒബ്റോയിയും; ആവേശമുണർത്തി 'കടുവ' ലിറിക് വീഡിയോ
എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. 'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.