
ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ചലച്ചിത്ര നടൻ ജോജു ജോർജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്നേഹവായ്‌പിന്റെയും പ്രതീകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജോസഫിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ചലച്ചിത്ര നടൻ ജോജു ജോർജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്നേഹവായ്‌പിന്റെയും പ്രതീകമാണ്. അദ്ദേഹത്തെ അഭിനന്ദിച്ചവരോട്അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി. നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‍നത്തെ പരസ്‍പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാംഎന്നാണു പ്രതികരിച്ചത്.
ജീവിതത്തിലെ വലിയൊരു അംഗീകാരം നേടിയപ്പോൾ ജോജു നാടിന്റെ അവസ്ഥയെക്കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും വികാരമാണ് അത്.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അഭിന്ദനാർഹമായ നേട്ടങ്ങളാണ് ഇത്തവണ മലയാളികൾ കരസ്ഥമാക്കിയത്. ജോജു ജോർജിനു പുറമെ തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായി. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കു ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
ക്യാമറാമാൻ എം ജെ രാധാകൃഷ്ണനു മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിക്കുന്നത് മരണാന്തര ബഹുമതിയായാണ്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ചിത്രത്തിലെ ദൃശ്യമികവിനാണ് ഈ പുരസ്‍കാരം. കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്‌ഷൻ ഡിസൈനിനുള്ള പുരസ്കാരം ലഭിച്ചു. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈൻ നിർവഹിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‍കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നേടി.
പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുന്നു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ജോജുവിനെ പോലുള്ള നല്ല മനസ്സുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകുമെന്ന പ്രതീക്ഷ നമുക്ക് പകരുന്ന ഊർജം വലുതാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ