'സംഘ്പരിവാർ സ്പോൺസേർഡ് സിനിമ'; 'കേരള സ്റ്റോറി'ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പി കെ ഫിറോസ്

By Web TeamFirst Published Apr 28, 2023, 9:10 AM IST
Highlights

സംവിധായകൻ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. 

വിവാദം സൃഷ്ടിച്ച ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്പോൺസേർഡ് സിനിമയാണിതെന്നും ഫിറോസ് പറഞ്ഞു. സംവിധായകൻ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പി കെ ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ

'ദി കേരള സ്റ്റോറി' എന്ന പേരിൽ സുദിപ്തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചർച്ചകളാണ് എങ്ങും. ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിംകൾ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ  ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോ?. ഇരുപത് വർഷങ്ങൾക്ക് കൊണ്ട് ഇതൊരു മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ വർഗ്ഗീയ പ്രസ്താവനയും സപ്പോർട്ടീവ് റഫറൻസായി ട്രെയിലറിലുണ്ട്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്പോണ്സേര്ഡ് സിനിമയാണിത്. അങ്ങിനെയെങ്കിൽ ഇത് ആവിഷ്കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതിന് സംവിധായകനെതിരെ കേസെടുക്കണം. പ്രദർശനത്തിന് യാതൊരു കാരണവശാലും അനുമതി നൽകാൻ പാടില്ല.

'ഇത് നിങ്ങളുടെ സംഘപരിവാർ ഭാവന, ഞങ്ങളുടെ കേരള സ്റ്റോറിയല്ല'; സുദീപ്തോ സെന്നിനോട് രാഹുൽ മാങ്കൂട്ടത്തിൽ

click me!