'ലാലേട്ടനുമായി ഇനിയൊരു പട്ടാളപ്പടം ചെയ്യുമോ'? ആരാധകന്‍റെ ചോദ്യത്തിന് മേജര്‍ രവിയുടെ മറുപടി

By Web TeamFirst Published Jun 13, 2020, 3:21 PM IST
Highlights

മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന നായക കഥാപാത്രമായെത്തിയ കീര്‍ത്തിചക്രയിലൂടെയാണ് (2006) മേജര്‍ രവി ഫീച്ചര്‍ ഫിലിം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

സൈനിക പശ്ചാത്തലമുള്ള ഒരു സിനിമ ഇനിയും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി മേജര്‍ രവി. തന്‍റെ പിറന്നാള്‍ ദിനത്തില്‍ നടത്തിയ ഫേസ്ബുക്ക് ലൈവിനിടെ ആരാധകന്‍റെ ചോദ്യത്തിനാണ് സംവിധായകന്‍ മറുപടി പറഞ്ഞത്. 'ദൈവം അനുഗ്രഹിക്കട്ടെ. ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം', ആരാധകന്‍റെ ചോദ്യത്തിന് മേജര്‍ രവി മറുപടി പറഞ്ഞു.

മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന നായക കഥാപാത്രമായെത്തിയ കീര്‍ത്തിചക്രയിലൂടെയാണ് (2006) മേജര്‍ രവി ഫീച്ചര്‍ ഫിലിം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുരുക്ഷേത്ര (2008), കാണ്ഡഹാര്‍ (2010), കര്‍മ്മയോദ്ധ (2012), 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് (2017) എന്നീ സിനിമകളും മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്‍തു. മമ്മൂട്ടിയെ നായകനാക്കി മിഷന്‍ 90 ഡെയ്‍സ് എന്ന ചിത്രവും പൃഥ്വിരാജിനെ നായകനാക്കി പിക്കറ്റ് 43 എന്ന ചിത്രവും മേജര്‍ രവി സംവിധാനം ചെയ്‍തിട്ടുണ്ട്.

അതേസമയം ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മേജര്‍ രവി പറഞ്ഞിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികന്‍റെ വേഷത്തിലാണ് ദിലീപ് എത്തുകയെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രണയജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജര്‍ രവി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

തന്‍റെ പിറന്നാളിന് സമൂഹത്തിന് നല്‍കുന്ന സമ്മാനമായി ബസ് കണ്ടക്ടര്‍മാരുടെ ഉപയോഗത്തിനായി തെര്‍മല്‍ സ്കാനറുകള്‍ നല്‍കുമെന്നും ലൈവിനിടെ മേജര്‍ രവി അറിയിച്ചു.

 

click me!