ഓഡിഷൻ റൗണ്ടിൽ 'രംഗീല'യിലെ ഏറെ പ്രയാസമേറിയ "ഹേ രാമ യേ ക്യാ ഹുവാ" എന്ന ഗാനം അതീവ മനോഹരമായി ആലപിച്ച അമൃതയെ പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ അടക്കമുള്ളവർ എഴുന്നേറ്റുനിന്ന് അഭിനന്ദിച്ചു.
ഹിന്ദി റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡോൾ സീസൺ 16 ൽ തന്റെ തനതായ ആലാപന ശൈലികൊണ്ട് വിധികർത്താക്കളെയും സംഗീതപ്രേമികളെയും ഒരേപോലെ അമ്പരപ്പിച്ച പ്രതിഭയാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ അമൃത രാജൻ. ഓഡിഷൻ റൗണ്ടിൽ 'രംഗീല'യിലെ ഏറെ പ്രയാസമേറിയ "ഹേ രാമ യേ ക്യാ ഹുവാ" എന്ന ഗാനം അതീവ മനോഹരമായി ആലപിച്ച അമൃതയെ പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ അടക്കമുള്ളവർ എഴുന്നേറ്റുനിന്ന് അഭിനന്ദിച്ചു. ഈ പ്രകടനത്തിന്റെ വീഡിയോ ഇതിനോടകം 60 മില്യണിലധികം ആളുകളാണ് കണ്ടത്.
ഹിന്ദി സംസാരിക്കാൻ അല്പം പ്രയാസമുണ്ടെങ്കിലും, പാട്ടിലെ അമൃതയുടെ മികവും സവിശേഷമായ 'ചിൽ' ആറ്റിറ്റ്യൂഡും മലയാളിത്തം തുളുമ്പുന്ന സംസാരവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മൈക്ക് ടെസ്റ്റ് ചെയ്യുമ്പോൾ പോലും സംഗീതാത്മകമായി 'ചെക്ക്' എന്ന് പറയുന്ന അമൃതയുടെ സ്റ്റൈൽ ആരാധകർക്കിടയിൽ വൈറലായിരുന്നു. അമൃതയുടെ വസ്ത്രധാരണവും പച്ച നിറത്തിലെ ക്രോക്സ് ചെരിപ്പുമെല്ലാം വളരെ പെട്ടന്ന് ട്രെൻഡായി.
സംഗീതയാത്രയിലെ ഏറ്റവും വലിയ അംഗീകാരമായി സാക്ഷാൽ എ.ആർ. റഹ്മാൻ ഇൻസ്റ്റഗ്രാമിൽ തന്നെ ഫോളോ ചെയ്യുന്നു എന്ന വിവരം അമൃത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. സന്തോഷം കൊണ്ട് ചിരിക്കുകയും കരയുകയും ചെയ്യുന്ന അമൃതയുടെ റിയാക്ഷൻ വീഡിയോയ്ക്ക് റഹ്മാൻ തന്നെ ലൈക്ക് നൽകിയതും ശ്രദ്ധേയമായി.
ഇന്ത്യൻ ഐഡോളിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലും 'സ്മ്യൂൾ' ആപ്പിലും സജീവമായിരുന്ന അമൃത, "കടലിനാഴം", "ഹോപ്പ്" തുടങ്ങിയ സ്വതന്ത്ര ആൽബങ്ങളിലൂടെ തന്റെ രചന-സംഗീത വൈഭവവും തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബി.ഫാം പൂർത്തിയാക്കിയെങ്കിലും സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് ആ മേഖലയിൽ ഉറച്ചുനിൽക്കുകയാണ് ഈ മിടുക്കി.


