
ചെന്നൈ: പ്രശസ്ത തമിഴ് സീരിയൽ താരം വി ജെ ചിത്രയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഷൂട്ടിങ്ങ് കഴിഞ്ഞ് ഹോട്ടലിലെത്തിയ ചിത്രയെ ഇന്ന് പുലർച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹത സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതിശ്രുത വരൻ ഹേമന്ദിനെ ഉൾപ്പടെ ചോദ്യം ചെയ്തു.
തമിഴിലെ ജനപ്രിയ സീരിയിൽ പാണ്ഡ്യൻ സ്റ്റോഴ്സിൻ്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് പുലർച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടലിൽ മടങ്ങിയെത്തിയത്. പ്രതിശ്രുത വരനും ബിസിനസ്സുകാരനുമായ ഹേമന്തിനൊപ്പം നസ്റത്ത്പേട്ടൈയിലുള്ള ഹോട്ടലിലായിരുന്നു താമസം. കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ തൊട്ടുമുൻപ് വരെ ഇൻസ്റ്റഗ്രാമിൽ ചിത്ര പങ്കുവച്ചിരുന്നു.
ലൊക്കേഷനിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനിൽ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകൾക്കകം ആത്മഹത്യ ചെയ്തതറിഞ്ഞ വാർത്തയുടെ ഞെട്ടലിലാണ് തമിഴ് സീരിയൽ ലോകം.
ഹേമന്ദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. മണിക്കൂറുകളോളം ഹേമന്ദിനെ ചോദ്യം ചെയ്തു.ചെന്നൈയിലുള്ള ചിത്രയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ