നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ രൂക്ഷ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്
നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി പുറത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. “പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികള്‍ക്ക് പരമാവധി പരിഗണന. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”, പാര്‍വതി കുറിച്ചു. ശിക്ഷാവിധി സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അതിനുള്ള പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി നല്‍കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പ്രായമായ തന്‍റെ അമ്മയെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ കാര്‍ഡ് പങ്കുവച്ചുകൊണ്ട് പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “എന്ത് ചെയ്തിട്ടാണ് അയാള്‍ സ്വന്തം അമ്മയെ സഹായിച്ചത്? ഓ മനസിലായി. കരുണ”. മൂന്നാം പ്രതി മണികണ്ഠന്‍ കോടതിയോട് പറഞ്ഞ കാര്യം സംബന്ധിച്ച വാര്‍ത്തയാണ് പാര്‍വതി പങ്കുവച്ചിരിക്കുന്ന മറ്റൊന്ന്. ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ലെന്ന മണികണ്ഠന്‍റെ വാക്കുകളാണ് അത്. ഭാര്യയും രണ്ട് മക്കളും തന്നെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞിരുന്നു. അതിനോടുള്ള പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “പക്ഷേ ഈ കേസില്‍ കോടതിയുടെ കണ്ണില്‍ ഗൂഢാലോചന എന്നൊന്ന് ഉണ്ടായിരുന്നില്ലല്ലോ. ഗൂഢാലോചന നടത്തിയവര്‍ക്ക് എന്തെങ്കിലും ശിക്ഷ കിട്ടുന്നത് നമ്മള്‍ കണ്ടോ? ഇവിടെയും ഭാര്യയും മക്കളും തന്നെ”.
തന്‍റെ നാടായ തലശ്ശേരിക്ക് അടുത്തുള്ള കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയക്കണമെന്നായിരുന്നു നാലാം പ്രതിയായ വിജീഷ് വി പിയുടെ കോടതിയോടുള്ള അപേക്ഷ. ഇതിന് പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “തീര്‍ച്ചയായും! കുറ്റകൃത്യത്തിന് ശേഷം കംഫര്‍ട്ട് മുഖ്യം”. ഇങ്ങനെ കൂടി പാര്‍വതി കുറിക്കുന്നു- “കുറ്റവാളികള്‍ അഭ്യര്‍ഥിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇതാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. നിശബ്ദരായിരിക്കുന്നവരുണ്ട്. ഈ വേളയില്‍ ആഘോഷിക്കുന്നവരെ ശ്രദ്ധിക്കുക. അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. അവര്‍ക്ക് എന്ത് തോന്നിയാലും അത് ചെയ്യാനുള്ള ഇന്ധനം ലഭിച്ചുവെന്ന് മനസിലാക്കുക. എന്ത് ചെയ്താലും ഊരിപ്പോരാനാവുമെന്ന് അവര്‍ക്ക് അറിയാം. ആദ്യം നാം അതിക്രമങ്ങളെ അതിജീവിക്കണം. പിന്നീട് നിയമത്തെയും?”, പാര്‍വതി തിരുവോത്തിന്‍റെ വാക്കുകള്‍.
കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം തടവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. പ്രതികള്‍ വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പൾസർ സുനി ഏഴുവർഷവും മാർട്ടിൻ ആന്റണി 7 വർഷവും മണികണ്ഠൻ മൂന്നര വർഷം, വിജീഷ് വി പി മൂന്നര വർഷം, വടിവാൾ സലിം രണ്ടുവർഷം, പ്രദീപ് രണ്ടുവർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ഇരുപതില്‍ നിന്ന് അവര്‍ ജയില്‍വാസം അനുഭവിച്ച കാലം കുറച്ചുള്ള കാലയളവിലാണ് ഇനി കഠിനതടവില്‍ കഴിയേണ്ടത്.



