
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പന്തീരങ്കാവ് പൊലീസ് കേസ്സെടുക്കുക.
ചൊവ്വാഴ്ച കോഴിക്കോട്ടെ മാളിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങും വഴിയാണ് രണ്ടുനടിമാർ ലൈംഗിക അതിക്രമത്തിന് ഇരയായത്. അതിക്രമത്തിന് ഇരയായ നടി ഇക്കാര്യം ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഇന്ന് രാവിലെ ഇവരുടെ പ്രമോഷൻ പരിപാടി നടത്തിയ സിനിമയുടെ നിര്‍മ്മാതാക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചു.
കോഴിക്കോട് നിന്നും നടിമാരിൽ ഒരാൾ കൊച്ചിയിലേക്ക് മടങ്ങി പോയപ്പോൾ മറ്റൊരാൾ കണ്ണൂരിലേക്കാണ് പോയത്. രണ്ട് നടിമാരേയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ വനിതാ പൊലീസ് സംഘം പോയിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മോശം അനുഭവത്തെ തുടർന്ന് ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. ഷോപ്പിംഗ് മാളിലെ ജീവനക്കാരിൽ നിന്നുൾപ്പെടെ പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി
അതിക്രമം നടത്തിയ ആളുകളെ ഏറെക്കുറെ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസ് എടുത്ത ഉടനെ തന്നെ സിസി ടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധയേമാക്കും. പരിപാടി നടത്തിയ സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൊതുസ്ഥലത്ത് ഇത്തരമൊരു സംഭവം നടന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അപലപനീയമെന്നും വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചു. അടിയന്തിര നടപടികളെടുക്കാൻ പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ