ഇത് മോളിവുഡിന്‍റെ 'ബാര്‍ബെന്‍ഹെയ്‍മെര്‍'? ബോക്സ് ഓഫീസില്‍ ഇന്ന് 'ബിഗ് ഡേ'; അത്ഭുതത്തിന് കാതോര്‍ത്ത് സിനിമാലോകം

Published : Feb 17, 2024, 06:11 PM IST
ഇത് മോളിവുഡിന്‍റെ 'ബാര്‍ബെന്‍ഹെയ്‍മെര്‍'? ബോക്സ് ഓഫീസില്‍ ഇന്ന് 'ബിഗ് ഡേ'; അത്ഭുതത്തിന് കാതോര്‍ത്ത് സിനിമാലോകം

Synopsis

ഫെബ്രുവരി റിലീസുകളായി എത്തിയ ചിത്രങ്ങളാണ് കേരളത്തിലെ തിയറ്ററുകളിലേക്ക് കാര്യമായി പ്രേക്ഷകരെ എത്തിക്കുന്നത്

ഫെസ്റ്റിവല്‍ സീസണുകളിലെ സോളോ റിലീസ് ആണ് ഒരു സിനിമയുടെ വിജയത്തിന് മിനിമം ഗ്യാരന്‍റി നല്‍കുന്ന ഏറ്റവും വലിയ സാധ്യതയായി ഇന്ന് ചലച്ചിത്രലോകം വിലയിരുത്തുന്നത്. എന്നാല്‍ നിരവധി സങ്കീര്‍ണ്ണതകളും അപ്രതീക്ഷിതത്വങ്ങളുമൊക്കെയുള്ളതാണ് ചലച്ചിത്ര നിര്‍മ്മാണം എന്നതിനാല്‍ റിലീസ് പ്ലാനിംഗ് പലപ്പോഴും ബുദ്ധിമുട്ടേറിയതാണ്. ചില ഫെസ്റ്റിവല്‍ സീസണുകളില്‍ ഒരു ചിത്രം കൊണ്ട് തിയറ്റര്‍ വ്യവസായം തൃപ്തിപ്പെടേണ്ടിവരുമ്പോള്‍ മറ്റു ചിലപ്പോള്‍ നിരവധി ചിത്രങ്ങള്‍ ഒരുമിച്ചെത്തും. എന്നാല്‍ അങ്ങനെ എത്തിയാല്‍ത്തന്നെ അവയെല്ലാം ശ്രദ്ധിക്കപ്പെടണമെന്നില്ല. ഏത് ഇന്‍ഡസ്ട്രിയെ സംബന്ധിച്ചും അത് അങ്ങനെതന്നെ. എന്നാല്‍ എത്തുന്ന ചിത്രങ്ങള്‍ ഒരുമിച്ച് വന്‍ ജനശ്രദ്ധ നേടിയാലോ? അത്തരതൊരു സന്തോഷ മുഹൂര്‍ത്തത്തിലാണ് മലയാള സിനിമാവ്യവസായം.

ഫെബ്രുവരി റിലീസുകളായി എത്തിയ ചിത്രങ്ങളാണ് കേരളത്തിലെ തിയറ്ററുകളിലേക്ക് കാര്യമായി പ്രേക്ഷകരെ എത്തിക്കുന്നത്. നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡി ചിത്രം പ്രേമലു, മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ഭ്രമയുഗം, ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജു മേനോനെ നായകനാക്കി റിയാസ് ഫെരീഫ് സംവിധാനം ചെയ്ത കോമഡി ഡ്രാമ ചിത്രം തുണ്ട് എന്നിവയാണ് മലയാളത്തിലെ ഈ മാസമെത്തിയ റിലീസുകള്‍. ഇതില്‍ പ്രേമലു, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ ഫെബ്രുവരി 9 നും ഭ്രമയുഗം ഫെബ്രുവരി 15 നും തുണ്ട് 16 നുമാണ് തിയറ്ററുകളിലെത്തിയത്.

പ്രേമലു ആദ്യദിനം തന്നെ വന്‍ അഭിപ്രായം നേടി ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങിയെങ്കില്‍ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം മികച്ചതെന്ന അഭിപ്രായവുമായി തിയറ്ററുകളില്‍ ആളെ എത്തിച്ചു. അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം ഭ്രമയുഗം കൂടി എത്തിയതോടെ മലയാള സിനിമയില്‍ ഏറെക്കാലത്തിന് ശേഷം ഒരേ സമയം ഒന്നിലധികം ജനപ്രിയ ചിത്രങ്ങളെന്ന അപൂര്‍വ്വത സംഭവിച്ചു. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം, അതും മമ്മൂട്ടി നായകന്‍ എന്നിവയെല്ലാം ഗുണകരമായി ഭവിച്ച ചിത്രം വന്‍ അഭിപ്രായമാണ് നേടുന്നത്. ഹോളിവുഡില്‍ കഴിഞ്ഞ വര്‍ഷം ഒരേ ദിവസം തിയറ്ററുകളിലെത്തിയ ബാര്‍ബി, ഓപ്പണ്‍ഹെയ്‍മര്‍ എന്നീ ചിത്രങ്ങള്‍ വന്‍ വിജയം നേടിയിരുന്നു. ഇരു ചിത്രങ്ങളെയും ചേര്‍ത്ത് ബാര്‍ബെന്‍ഹെയ്‍മര്‍ എന്ന് ചലച്ചിത്രപ്രേമികള്‍ സംബോധന ചെയ്തിരുന്നു. തികച്ചും വ്യത്യസ്ത ജോണറുകളില്‍ പെട്ട ഭ്രമയുഗത്തെയും പ്രേമലുവിനെയും കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ബാര്‍ബെന്‍ഹെയ്‍മര്‍ താരതമ്യം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍‍ ഇടംപിടിക്കുന്നുണ്ട്. 

ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ കേരളമൊട്ടുക്കും ഇന്ന് ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ്‍ഫുള്‍ ഷോകളാണ് കാണാന്‍ കഴിയുന്നത്. മലയാള സിനിമ സമീപകാലത്ത് നേടുന്ന ഏറ്റവും മികച്ച പ്രതിദിന കളക്ഷനുകളിലൊന്നായിരിക്കും ഈ ശനിയാഴ്ച സംഭവിക്കുക എന്നത് ഉറപ്പാണ്. അത് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. 

ALSO READ : 17 വര്‍ഷം മുന്‍പ് 50 കോടി ക്ലബ്ബില്‍! റീ റിലീസിലും തരംഗമായി ആ പ്രണയ ചിത്രം; ഒരാഴ്ച കൊണ്ട് നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍