Prabhas : എന്തുകൊണ്ട് ബോക്സ് ഓഫീസില്‍ പരാജയമായി? രാധേശ്യാമിനെക്കുറിച്ച് പ്രഭാസ്

By Web TeamFirst Published Apr 20, 2022, 11:07 AM IST
Highlights

200 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ വീണിരുന്നു

ഇന്ത്യന്‍ സിനിമയിലെ ആത്ഭുതമായിത്തീര്‍ന്ന ബാഹുബലിയിലൂടെയാണ് ടോളിവുഡിന് പുറത്തേക്ക് പ്രഭാസ് (Prabhas) അറിയപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ജീവിതത്തിലെ ഈ നാഴികക്കല്ല്, നേട്ടത്തോടൊപ്പം നിരവധി വെല്ലുവിളികളുമാണ് പ്രഭാസിന് മുന്നില്‍ സ്വാഭാവികമായും ഉയര്‍ത്തിയത്. ബാഹുബലി പോലെ വലിയ വിജയങ്ങള്‍ പ്രേക്ഷകരും ചലച്ചിത്ര വ്യവസായവും തുടര്‍ന്നും ഈ നടനില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നതാണ് വെല്ലുവിളി. ബാഹുബലി 2 നു ശേഷം രണ്ട് ചിത്രങ്ങളാണ് പ്രഭാസിന്‍റേതായി പുറത്തെത്തിയത്. 2019ല്‍ എത്തിയ സാഹോയും കഴിഞ്ഞ മാസം എത്തിയ രാധേശ്യാമും (Radhe Shyam). ബാഹുബലിയുമായി താരതമ്യപ്പെടുത്താനുള്ളത് പോയിട്ട് ഭേദപ്പെട്ട വിജയങ്ങള്‍ പോലും ആയില്ല ഈ ചിത്രങ്ങള്‍. ഇപ്പോഴിതാ കഴിഞ്ഞ ചിത്രത്തിന്‍റെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പ്രഭാസ്. 

കൊവിഡ് ആയിരിക്കും ചിലപ്പോള്‍ അതിന്‍റെ കാരണം. അല്ലെങ്കില്‍ തിരക്കഥയില്‍ നമ്മള്‍ എന്തെങ്കിലും ഘടകം മിസ് ചെയ്‍തിട്ടുണ്ടാവും. നിങ്ങളെപ്പോലുള്ള ആളുകള്‍ക്കാണ് അതേക്കുറിച്ച് കൂടുതല്‍ പറയാനാവുക. ചിലപ്പോള്‍ അത്തരം സിനിമകളിലും കഥാപാത്രങ്ങളിലും ആളുകള്‍ക്ക് എന്നെ കാണണമെന്ന് ഉണ്ടാവില്ല. ഇനി അങ്ങനെ കാണുന്നതില്‍ കുഴപ്പമില്ല എന്നുണ്ടെങ്കിലും ആ ചിത്രങ്ങള്‍ ഏറ്റവും മികച്ചത് ആവണമെന്ന് ഉണ്ടാവും, ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് പ്രതികരിച്ചു. 

ബാഹുബലിയുടെ വിജയം തനിക്കല്ല തന്നെ നായകനാക്കി പുതിയ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകര്‍ക്കാണ് സമ്മര്‍ദ്ദം ഉണ്ടാക്കുന്നതെന്നും പ്രഭാസ് പറയുന്നു. ഞാന്‍ നായകനാവുന്ന ചിത്രങ്ങള്‍ക്ക് ബാഹുബലി പോലെ മികച്ച പ്രതികരണം നേടുക എന്ന സമ്മര്‍ദ്ദം അതിന്‍റെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമാണ്. വ്യക്തിപരമായി ഞാന്‍ അത്തരമൊരു സമ്മര്‍ദ്ദം നേരിടുന്നില്ല. ബാഹുബലി ജീവിതത്തില്‍ സംഭവിച്ചതില്‍ ഏറെ ഭാ​ഗ്യവാനാണ് ഞാന്‍. രാജ്യത്തെ പരമാവധി പ്രേക്ഷകരെ എന്‍റര്‍ടെയ്ന്‍ ചെയ്യണം എന്നതാണ് എന്‍റെ ആ​ഗ്രഹം, പ്രഭാസ് പറഞ്ഞു.

200 കോടി ബജറ്റില്‍ ഒരുങ്ങിയ രാധേശ്യാമിന് പ്രഭാസ് ചിത്രം എന്ന നിലയില്‍ വലിയ പബ്ലിസിറ്റിയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. അതേസമയം ആദ്യദിനം മുതല്‍ നെ​ഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന് ഭേദപ്പെട്ട ഓപണിം​ഗ് ലഭിച്ചെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്. ആദ്യ 3 ദിനങ്ങളില്‍ നിന്നായി 151 കോടി രൂപയാണ് ചിത്രം ആ​ഗോള തലത്തില്‍ ​ഗ്രോസ് നേടിയതെന്നാണ് അവര്‍ അറിയിച്ചത്.

രാധാകൃഷ്ണ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പിരീഡ് റൊമാന്‍റിക് ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്. നായികയായെത്തിയത് പൂജ ഹെഗ്‍ഡെ. ഭാഗ്യശ്രീ, കൃഷ്‍ണം രാജു, സത്യരാജ്, ജഗപതി ബാബു, സച്ചിന്‍ ഖേഡേക്കര്‍, പ്രിയദര്‍ശി, മുരളി ശര്‍മ്മ, കുണാല്‍ റോയ് കപൂര്‍, സത്യന്‍, ഫ്ലോറ ജേക്കബ്, സാൽ ഛേത്രി എന്നിവര്‍ക്കൊപ്പം ജയറാമും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ടി സിരീസും യു വി ക്രിയേഷന്‍സും സംയുക്തമായാണ് നിര്‍മ്മാണം. 

click me!