എന്‍ആര്‍സിയല്ല, തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്ററാണ് വേണ്ടത്: പ്രകാശ് രാജ്

By Web TeamFirst Published Jan 21, 2020, 10:56 AM IST
Highlights

നടന്നുകൊണ്ടിരിക്കുന്ന സമരം അക്രമാസക്തമാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിനാൽ  അക്രമരഹിത പാതയില്‍ പ്രതിഷേധത്തെ നയിക്കാൻ സംഘാടകർ ശ്രമിക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. 
 

ബെം​ഗളൂരു: മൂവായിരം കോടി രൂപ വിലമതിക്കുന്ന പ്രതിമകൾ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടതെന്നും നടന്‍ പ്രകാശ് രാജ്. ഹൈദരാബാദിൽ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടന്നുകൊണ്ടിരിക്കുന്ന സമരം അക്രമാസക്തമാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിനാൽ  അക്രമരഹിത പാതയില്‍ പ്രതിഷേധത്തെ നയിക്കാൻ സംഘാടകർ ശ്രമിക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. 

"ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകൾ ഞങ്ങൾക്ക് ആവശ്യമില്ല. ഒരു ദേശീയ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, അത് തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാകണം"-പ്രകാശ് രാജ് പറഞ്ഞു. 

രാജ്യത്തെ യുവ ജനങ്ങൾ രാഷ്ട്രീയ തന്ത്രത്തിന്റെ പാഠങ്ങള്‍ പ്രധാനമന്ത്രിയെ പഠിപ്പിക്കണമെന്നും അതില്‍ ബിരുദം നല്‍കണമെന്നും പ്രകാശ് രാജ് പറഞ്ഞു. അസമിലെ 19 ലക്ഷം പേർക്ക് പൗരത്വം നിഷേധിച്ചു. ഒരു കാർഗിൽ യുദ്ധവീരന്റെ പേര് പോലും എൻ‌ആർ‌സി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് കാരണം അയാളൊരു മുസ്ലിം ആയതുകൊണ്ടാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

click me!