
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പഠാൻ' ആണ് ഇപ്പോൾ ബോളിവുഡിലെയും സിനിമാ ലോകത്തെയും ചർച്ചാ വിഷയം. രണ്ട് ദിവസം മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനരംഗത്തോടെ 'പഠാൻ' ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തുക ആയിരുന്നു. ഗാനരംഗത്ത് ദീപിക പദുകോൺ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ബഹിഷ്കരണത്തിന് കാരണം. നിരവധി പേരാണ് ബോയ്കോട്ട് പഠാൻ ക്യാമ്പയിനുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ബഹിഷ്കരണ ആഹ്വാനങ്ങൾക്ക് എതിരെ നടൻ പ്രകാശ് രാജ് പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്.
സിനിമയിൽ കാവി പാടില്ല എന്നാൽ കാവി ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ലേ എന്ന് പ്രകാശ് രാജ് ചോദിക്കുന്നു. കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകൾ നടത്തിയാലും ഉണ്ടാകാത്ത പ്രശ്നമാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്നതെന്ന് നടൻ ആരോപിച്ചു.
‘കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല. വിവാദ പ്രസംഗം നടത്തുന്നു. എംഎൽഎമാർക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു. അതൊന്നും പ്രശ്നമില്ല. എന്നാൽ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്‌നമാക്കുന്നു’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് നടന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് രംഗത്തെത്തുന്നത്.
ചിരിപ്പിക്കാൻ ഷറഫുദ്ദീനും ഇന്ദ്രൻസും, ഷാഫിയുടെ 'ആനന്ദം പരമാനന്ദം' ട്രെയിലർ
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഠാൻ'. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.