
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങള്‍ ആരെന്ന ചോദ്യത്തിന് ഏത് മലയാളിക്കും ഒറ്റ ഉത്തരമേ ഉണ്ടാവൂ. മോഹന്‍ലാലും മമ്മൂട്ടിയും. അതിനാല്‍ത്തന്നെ ഇരുവരും ഒരുമിച്ച് ഒരു സിനിമയില്‍ എത്തുകയെന്നാല്‍ അത്രയും ഹൈപ്പ് ആവും ആ ചിത്രത്തിന് ലഭിക്കുന്നത്. എപ്പോഴും സംഭവിക്കുന്നതല്ല എന്നത് അത്തരമൊരു സിനിമ വരുമ്പോഴുള്ള പ്രേക്ഷക പ്രതീക്ഷ വലിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ് ആണ് ആ ചിത്രം. ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിയോ ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശിപ്പിക്കുന്ന സ്പെഷല്‍ ചാറ്റ് ഷോയില്‍ കൗതുകകരമായ നിരവധി കാര്യങ്ങള്‍ ഉണ്ട്. അതിലൊന്ന് പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
തുടരും എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയില്‍ വമ്പന്‍ അരങ്ങേറ്റം നടത്തിയ പരസ്യ സംവിധായകനായ പ്രകാശ് വര്‍മ്മയാണ് ചാറ്റ് ഷോയിലെ ഒരു പ്രധാന താരം. പ്രകാശ് വര്‍മ്മയെ പ്രകാശ് വര്‍മ്മയായി തന്നെ അവതരിപ്പിച്ചിരിക്കുകയാണെങ്കിലും അദ്ദേഹത്തിന്‍റെ ക്യാരക്റ്ററിന് ഒരു ഫിക്ഷന്‍ സ്വഭാവവും ഷോയില്‍ നല്‍കിയിട്ടുണ്ട്. ബഹുതാര ചിത്രമായ പേട്രിയറ്റിലെ അഭിനേതാക്കള്‍ക്കിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രകാശിനെ ഷോയില്‍ കാണാം. കുഞ്ചാക്കോ ബോബനോടും ഫഹദ് ഫാസിലിനോടും ചിത്രം താന്‍ കണ്ടെന്നും നിങ്ങളുടെ റോള്‍ കുറഞ്ഞുപോയെന്നുമൊക്കെ പറയുന്നുണ്ട് അദ്ദേഹം. പിന്നീട് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിക്കവെ നിങ്ങള്‍ക്കുവേണ്ടി ഒരു സിനിമയുടെ തിരക്കഥ താന്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ പരാമര്‍ശമാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം ശ്രദ്ധിച്ചിരിക്കുന്നത്.
“എന്തായാലും ഞാനിപ്പോള്‍ രണ്ട് പേരെയും ഒരുമിച്ച് കണ്ട സ്ഥിതിക്ക്, ഞാനൊരു കഥ എഴുതിയിട്ടുണ്ട്. രണ്ട് പേരും ഉണ്ട്. ഏകദേശം ഒരു ലാസ്റ്റ് ഡ്രാഫ്റ്റില്‍ ഇരിക്കുകയാണ്”, എന്നാണ് പ്രകാശ് വര്‍മ്മ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പറയുന്നത്. എഴുതിക്കോളൂ, അതിന് കുഴപ്പമൊന്നും ഇല്ല എന്നാണ് ഇതിന് മമ്മൂട്ടി നല്‍കുന്ന പ്രതികരണം. നമുക്ക് ഒരു കാര്യം ഇവരെയും കൂടി ചേര്‍ക്കണോ, ചാക്കോച്ചനെയും പഹദിനെയും, എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ അത് വേണ്ടെന്ന് പ്രകാശ് വര്‍മ്മയും മറുപടി പറയുന്നു. അതേസമയം ഇത് ചാറ്റ് ഷോയിലെ ക്യാരക്റ്ററിന് വേണ്ടി പ്രകാശ് വര്‍മ്മ പറഞ്ഞ സംഭാഷണം ആയിരിക്കാമെങ്കിലും അങ്ങനെയൊരു ചിത്രം സംഭവിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹമാണ് സിനിമാപ്രേമികള്‍ പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രമുഖ താരങ്ങളെ വച്ചും പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ആളാണ് പ്രകാശ് വര്‍മ്മ. മോഹന്‍ലാലിനെ വച്ച് കഴിഞ്ഞ വര്‍ഷം ചെയ്ത ഒരു ജ്വല്ലറി പരസ്യം വൈറല്‍ ആയിരുന്നു. അതേസമയം മെയ് 1 നാണ് പേട്രിയറ്റിന്‍റെ റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ