
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡീയസ് ഈറേ എന്ന ചിത്രത്തിന് പ്രശംസയുമായി മുതിര്‍ന്ന സംവിധായകന്‍ ഭദ്രന്‍. ചിത്രം കാണവെ താനടക്കമുള്ള പ്രേക്ഷകര്‍ മുള്‍മുനയില്‍ നിന്നെന്ന് പറയുന്ന ഭദ്രന്‍ പ്രണവിന്‍റെ അഭിനയത്തെയും പ്രശംസിച്ചിട്ടുണ്ട്. ഹോളിവുഡിലെ വിഖ്യാത നടന്‍ അല്‍ പച്ചീനോയെയാണ് പ്രണവ് തന്നെ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നതെന്നും ഭദ്രന്‍ പറയുന്നു. ഒപ്പം ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യറെയും ഭദ്രന്‍ അഭിനന്ദിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭദ്രന്‍റെ ഡീയസ് ഈറേ റിവ്യൂ.
ഭദ്രന്‍റെ കുറിപ്പ്
രാഹുൽ സദാശിവന്റെ "ഭൂതകാലം" അന്ന് കണ്ടപ്പഴേ അത്യപൂർവമായ ഒരു സിനിമയായി തോന്നി... പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു. ഇപ്പോൾ ഇറങ്ങിയ "ഡീയസ് ഈറേ" എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാൻ മനസ്സിൽ ഒരു ത്വരയുണ്ടായി.
ഈ സിനിമകളുടെ ജോണറുകളിൽ എല്ലാം സമാനതകൾ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി. സത്യസന്ധമായ ഒരു ഉള്ളടക്കം പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ മുൾമുനയിൽ തന്നെ നിന്നു. ഞാൻ അടക്കം. 😊
അഭിനന്ദനങ്ങള്‍ രാഹുല്‍ 👏
പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർമുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച
അല്‍ പച്ചീനോയെ ഞാൻ ഓർത്തുപോയി.. സ്ഥിരം സിനിമകളിൽ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളൊ അല്ലാത്ത ഒരു വേഷവിധാനത്തിനും പ്രാധാന്യം നൽകാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉൾക്കൊണ്ട്, വരച്ച വരയിൽ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു. "പ്രണവ്, നീ ലാലിൻറെ ചക്കരകുട്ടൻ തന്നെ 😃😃 "
ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും സൈലെൻസുകളും സൗണ്ട് ഡിസൈനും എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയൻറ് ബാക്ക്ഗ്രൗണ്ട് സ്കോറും ഗംഭീരം. ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദvങ്ങളും... നിനക്ക് ആകാശമാണ് അതിര്...
അതേസമയം മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ആറ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. രണ്ടാം വാരത്തിലും ആഗോള തലത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ട് ചിത്രത്തിന്. ഒപ്പം തെലുങ്ക് മൊഴിമാറ്റ പതിപ്പും ഇന്ന് റിലീസ് ആയിട്ടുണ്ട്.