
മലയാളി സിനിമാപ്രേമികള്‍ കൗതുകപൂര്‍വ്വം കാത്തിരുന്ന ഒരു ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തി. വിസ്മയ മോഹന്‍ലാല്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന സിനിമയാണ് അത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഇന്ന് രാവിലെ 10 മണിക്കാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം തിയറ്ററുകളില്‍ ആരംഭിച്ചത്. ഇപ്പോഴിതാ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. അനുജത്തിയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം കാണാന്‍ ഒപ്പമെത്തുന്ന പ്രണവ് മോഹന്‍ലാലിന്‍റെ വീഡിയോ ആണ് അത്. കൊച്ചിയിലെ മള്‍ട്ടിപ്ലെക്സിലാണ് വിസ്മയയും പ്രണവും സിനിമ കാണാന്‍ എത്തിയത്. ഒപ്പം അമ്മ സുചിത്രയും ഉണ്ടായിരുന്നു. ആദ്യ പ്രദര്‍ശനത്തിന് ശേഷം എത്തുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. വിസ്മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്നതു തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 139.35 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ