
ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് മോഹൻലാൽ ചിത്രം ' ഹൃദയ' ത്തിന്റെ (Hridayam) ടെലിവിഷൻ പ്രീമിർ ഏഷ്യാനെറ്റിൽ. ജൂലൈ 24 ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ പ്രീമിയർ. വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ഹൃദയം ജനുവരി 21നാണ് തിയറ്ററുകളിൽ എത്തിയത്.
നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ ഹൃദയത്തെ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു.
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്.
പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിലും ഹൃദയം ഇടംനേടിയിരുന്നു. ജനുവരി 1നും ജൂണ്‍ 30നും ഇടയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഏഴോ അതോ അതിലധികമോ യൂസര്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളാണ് ലിസ്റ്റില്‍. റിലീസിനു ശേഷമുള്ള ആദ്യത്തെ ഒരു മാസ കാലയളവില്‍ ഐഎംഡിബിയില്‍ ഏറ്റവുമധികം പേജ് വ്യൂസ് ലഭിച്ച ചിത്രങ്ങള്‍ കൂടിയാണിത്.