കദന കഥയല്ല, ചില യാഥാർഥ്യങ്ങൾ പറയുമ്പോൾ വികാരം അങ്ങനെയാകുന്നു, കുറിപ്പുമായി സംവിധായകൻ

By Web TeamFirst Published Jun 8, 2020, 2:35 PM IST
Highlights

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ജൂണ്‍ 12 ന് ചിത്രീകരണം തുടങ്ങാമെന്നു കരുതിയിരുന്നുവെന്നും സംവിധായകൻ പ്രശാന്ത് കാനത്തൂര്‍.

കൊവിഡ് 19 വലിയ നഷ്‍ടമാണ് എല്ലാ മേഖലകളിലും ഉണ്ടാക്കിയിരിക്കുന്നത്. സിനിമ മേഖലയും വലിയ ബുദ്ധിമുട്ടിലാണ്. ആള്‍ക്കാരുടെ ജീവിതം വഴിമുട്ടി. മറ്റ് മേഖലകളിലെന്ന പോലെ പലരും കണ്ട സിനിമ സ്വപ്‍നങ്ങള്‍ക്കും വിലങ്ങുതടിയായി. തയ്യാറെടുപ്പുകളൊക്കെ പാഴായവരുണ്ട്.  'സ്റ്റേഷൻ 5 ' എന്ന സിനിമക്കായി അട്ടപ്പാടി നരസി മുക്കിൽ നിർമ്മിച്ച കുടിലുകള്‍ മോശം കാലാവസ്ഥയില്‍ ഭാഗികമായി തകര്‍ന്നിരുന്നു. വീണ്ടും ചിത്രീകരണം തുടങ്ങാൻ തയ്യാറെടുക്കുകവെയാണ് ഇങ്ങനെയും നഷ്‍ടമുണ്ടായത്. ഇതിനെ കുറിച്ച് സംവിധായകൻ പ്രശാന്ത് കാനത്തൂര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പ്രശാന്ത് കാനത്തൂരിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

സ്‌റ്റേഷൻ 5 ഉയിർത്തെഴുന്നേൽക്കും

ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കിയിരിക്കുന്നത് എന്റെ വലിയ സ്വപ്‌നമാണ്. ഇവിടുത്തെ മഴത്തുളളികള്‍ക്കൊപ്പം ഒഴുകുന്നത് നിര്‍മാതാവിന്റെ കണ്ണീരാണ്.  കുറിപ്പ് കദന കഥയല്ല. ചില യാഥാർഥ്യങ്ങൾ പറയുമ്പോൾ അതിന്റെ വികാരം ഇങ്ങനെ വന്നു ഭവിക്കുകയാണെന്നു മാത്രം. ഞാന്‍ സംവിധാനം ചെയ്യുന്ന 'സ്‌റ്റേഷന്‍ -5' എന്ന സിനിമയുടെ അട്ടപ്പാടി ലൊക്കേഷനിലെ ജൂണ്‍ അഞ്ചിലെ കാഴ്‍ചകളാണിത്.

ലക്ഷങ്ങൾ ചെലവില്‍, ഒരു മാസത്തിലധികം സമയമെടുത്ത്, അനേകം തൊഴിലാളികള്‍ വിയര്‍പ്പൊഴുക്കി, അഗളി നരസിമുക്കിലെ മലമുകളില്‍ കെട്ടിപ്പൊക്കിയ 16 കുടിലുകളില്‍ പകുതിയിലേറെയും ഇപ്പോള്‍ ഭാഗികമായി നശിച്ചു. എളിയ സിനിമ സംരംഭത്തിന് കൊറോണ വൈറസ് നല്‍കിയ ദുരിത സമ്മാനം. കോവിഡ് വ്യാപനം മൂലം മാര്‍ച്ച് 17-ന് ചിത്രീകരണം അവസാനിപ്പിച്ച് അട്ടപ്പാടിയില്‍ നിന്നും മടങ്ങുകയായിരുന്നു.

സെറ്റുകള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരനെ നിയമിച്ചു. പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ തടുക്കാനുളള അദ്ഭുത വിദ്യകളൊന്നും ആ പാവം കാവല്‍ക്കാരന്റെ കൈവശമുണ്ടായിരുന്നില്ല. തകര്‍ത്തു പെയ്‍തു മഴ. ആഞ്ഞു വീശി കാറ്റ്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ സാദിഖും സംഘവും തിരൂരില്‍ നിന്നും ടാര്‍പോളിന്‍ ഷീറ്റുകളുമായി വെളളിയാഴ്ച രാവിലെ അട്ടപ്പാടിയിലെത്തി. ആറു ജോലിക്കാരുണ്ടായിട്ടു പോലും  കാറ്റില്‍ ഷീറ്റുകള്‍ കെട്ടാന്‍ ഏറെ പണിപ്പെട്ടു. ഇനിയും രണ്ടു ദിവസമെടുക്കും സെറ്റിനെ വരിഞ്ഞു മുറുക്കി പണികള്‍ തീര്‍ക്കാന്‍. ‌

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ജൂണ്‍ 12 ന് ചിത്രീകരണം തുടങ്ങാമെന്നു കരുതിയിരുന്നു. നായകൻ പ്രയാൺ വിഷ്‍ണുവും ഇന്ദ്രന്‍സ് ചേട്ടനും ഐ എം വിജയനും, സന്തോഷ് കീഴാറ്റൂരും നൃത്തസംവിധായകനുമൊക്കെ വരാമെന്നേറ്റതായിരുന്നു. പക്ഷേ ലോക്ക് ഡൗണ്‍ മൂലം ചെന്നൈയില്‍ താമസിക്കുന്ന എനിക്ക് കേരളത്തിലെത്താന്‍ ഒട്ടേറെ നൂലാമാലകളുണ്ട്. സിനിമയിലെ നായിക പ്രിയംവദയും ചെന്നൈയിലാണ്. അവര്‍ക്കും നിയമം ബാധകമാണ്.

ഇന്‍ഡോര്‍ ചിത്രീകരണത്തിനു മാത്രമേ സര്‍ക്കാര്‍ അനുമതിയുളളൂ എന്നും അറിയാനായി. ഷൂട്ട് തുടങ്ങിയാല്‍ വീണ്ടും തടസങ്ങള്‍ തലപൊക്കുമോ എന്ന ആശങ്കകള്‍ വേറെയും. ഇപ്പോള്‍ മുന്നില്‍ ശൂന്യതയാണ്. ചിത്രീകരണം എന്നു തുടങ്ങാനാവുമെന്നറിയില്ല. വരിഞ്ഞു മുറുക്കിയ  ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കകത്തെ കുടിലുകളുടെ ആയുസും പ്രവചിക്കാനാവില്ല. ചിത്രീകരണത്തിന് ഒപ്പമുണ്ടായിരുന്നവര്‍ക്കൊന്നും എന്റെ വേദന മനസിലാക്കാനാവുമോ എന്നറിയില്ല.

പക്ഷേ എനിക്ക് മണ്ണില്‍ വിശ്വാസമുണ്ട്. ഞാന്‍ സെറ്റുകള്‍ തീര്‍ത്തത് മണ്ണിലാണ്. മണ്ണു ചതിക്കില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രകൃതിയും എന്റെ സ്വപ്‌നങ്ങളെ സംരക്ഷിക്കുമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ സിനിമ ഭംഗിയായി പൂര്‍ത്തീകരിക്കാനാവുമെന്ന  വിശ്വാസമുണ്ട്. മഴമേഘങ്ങളൊഴിഞ്ഞ അട്ടപ്പാടിയിലെ ആകാശത്തിന്റെ കനിവിനായി കാത്തിരിക്കുന്നു. കോവിഡ് കാലത്ത് ലോകം തന്നെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ എന്റെ വേദനകള്‍ക്ക് തന്‍മാത്രയുടെ വലുപ്പം പോലും ഉണ്ടായെന്നു വരില്ല. പക്ഷേ ചെറുതായാലും വലുതായാലും സങ്കടങ്ങള്‍ എന്നും സങ്കടങ്ങള്‍ തന്നെയല്ലേ ?

പ്രശാന്ത് കാനത്തൂര്‍

സംവിധായകന്‍

സ്‌റ്റേഷന്‍-5

click me!