
മലയാളത്തില്‍ മധ്യവര്‍ത്തി സിനിമകളുടെ വക്താവായിട്ടായിരുന്നു പ്രതാപ് പോത്തനെ ആദ്യം പ്രേക്ഷകര്‍ പരിചയപ്പെടുന്നത്. 'ആരവ'ത്തിലെ 'കൊക്കരക്കോ' എന്ന കഥാപാത്രമായി 1978ല്‍ മലയാളത്തില്‍ വരവറിയിച്ചു. തൊട്ടടുത്ത വര്‍ഷം 'തകര' എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രവുമായി വിസ്‍യമയിപ്പിച്ചു. തുടര്‍ന്ന് 'ലോറി', 'ചാമരം', 'പപ്പു', തുടങ്ങി ഒട്ടേറെ സിനിമകളില്‍ നടനായി തിളങ്ങിയ ശേഷം അധികംവൈകാതെ സംവിധായകത്തൊപ്പിയുമണിഞ്ഞ കലാജീവിതമാണ് പ്രതാപ് പോത്തന്റേത്. കരിയറിന്റെ തുടക്കത്തിലേ പരസ്യ ചിത്രങ്ങള്‍ ചെയ്‍തതിലെ അനുഭവം സംവിധായകനെന്ന നിലയില്‍ പ്രതാപ് പോത്തന് മുതല്‍ക്കൂട്ടാകുകയായിരുന്നു (
Prathap Pothen).
സംവിധായകനായി തുടക്കം തമിഴിലായിരുന്നു. 1985ല്‍ സംവിധാനം ചെയ്‍ത 'മീണ്ടും ഒരു കാതല്‍ കതൈ'യായിരുന്നു ആദ്യ സംവിധാന സംരഭം. ചിത്രത്തിന് അക്കൊലത്തെ ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്‍തു. നവാഗത സംവിധായകന്റെ മികച്ച സിനിമയ്‍ക്കുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡ് ആണ് 'മീണ്ടും ഒരു കാതല്‍ കതൈ'ക്ക് ലഭിച്ചത്. ആദ്യ സംവിധാന സംരഭത്തിന്റെ രചനയും പ്രതാപ് പോത്തന്റേതായിരുന്നു.
മലയാളത്തില്‍ സംവിധായകനായി അരങ്ങേറിയത് 'ഋതുഭേദം' എന്ന ചിത്രത്തിലൂടെയായിരുന്നു. എം ടി വാസുദേവൻ നായരുടെ തിരക്കഥയിലായിരുന്നു പ്രതാപ് പോത്തൻ 'ഋതുഭേദം' ഒരുക്കിയത്. 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ ബാലചന്ദ്ര മേനോൻ, തിലകൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അക്കൊല്ലത്തെ മികച്ച സഹ നടനുള്ള ദേശീയ പുരസ്‍കാരം തിലകന് 'ഋതുഭേദ'ങ്ങളിലൂടെ ലഭിച്ചിരുന്നു. മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് പ്രതാപ് പോത്തനും ലഭിച്ചു.
തൊട്ടടുത്ത വര്‍ഷം സ്വന്തം തിരക്കഥയില്‍ തന്നെ പ്രതാപ് പോത്തൻ മലയാളത്തില്‍ സിനിമ സംവിധാനം ചെയ്‍തു. 'ഡെയ്‍സി' ആയിരുന്നു ചിത്രം. സോണിയ കേന്ദ്ര കഥാപാത്രമായി എത്തിയ 'ഡെയ്‍സി' ഒരു മ്യൂസിക്കല്‍ റൊമാൻസ് ചിത്രമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തമിഴില്‍ 'ജീവ', 'വെട്രി വിഴ', 'മൈ ഡിയര്‍ മാര്‍ത്താണ്ഡൻ' എന്നീ ചിത്രങ്ങളും പ്രതാപ് പോത്തൻ തിരക്കഥ എഴുതി സംവിധാനം ചെയ്‍തു. തെലുങ്കില്‍ 1991ല്‍ 'ചൈതന്യ' എന്ന സിനിമയും തിരക്കഥയെഴുതി പ്രതാപ് പോത്തൻ സംവിധാനം ചെയ്‍തു. 'മഗുഡം', 'ആത്‍മ', 'ലക്കി മാൻ' തുടങ്ങിയവയാണ് പ്രതാപ് പോത്തന്റെ മറ്റ് തമിഴ് ചിത്രങ്ങള്‍.
മലയാളത്തിലെ മുഖ്യധാര സിനിമ പ്രേക്ഷകര്‍ക്ക് പ്രതാപ് പോത്തനെ സംവിധായകനെന്ന നിലയില്‍ ഏറ്റവും അടുത്ത് പരിചയപ്പെടുത്തിയത് 'ഒരു യാത്രാമൊഴി'യാണ്. പ്രതാപ് പോത്തന്റെ അവസാന സംവിധാന സംരഭവും ഇതുതന്നെ. 1997ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹൻലാലും ശിവാജി ഗണേശനും ഒന്നിച്ചുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രിയദര്‍ശന്റെ കഥയ്‍ക്ക് ജോണ്‍ പോള്‍ എഴുതിയ തിരക്കഥയിലായിരുന്നു പ്രതാപ് പോത്തൻ 'ഒരു യാത്രാമൊഴി' സംവിധാനം ചെയ്‍തത്. ടെലിവിഷനില്‍ മലയാളികള്‍ ആവര്‍ത്തിച്ചുകണ്ട 'ഒരു യാത്രാമൊഴി'യിലൂടെയാകും പുതുതലമുറ പ്രേക്ഷകരുടെ മനസില്‍ സംവിധായകനെന്ന നിലയില്‍ പ്രതാപ് പോത്തന്റെ പേര് ആഴത്തില്‍ പതിഞ്ഞിട്ടുണ്ടാകുക.
Read More : നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു