Asianet News MalayalamAsianet News Malayalam

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്

Actor Prathap Pothen dies at 69
Author
Chennai, First Published Jul 15, 2022, 9:46 AM IST

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 

മലയാള സിനിമയെ അമ്പരപ്പിച്ചായിരുന്നു തകരയിലൂടെ പ്രതാപ് പോത്തന്റെ വരവ്. ഭരതൻറെ ക്ലാസിക് ചിത്രത്തിലെ ടൈറ്റിൽ വേഷത്തിലൂടെ പ്രതാപ് പോത്തനെന്ന പുതുമുഖം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അങ്ങിനെ നാടക വേദിയിൽ നിന്ന് ഭരതൻ കണ്ടെത്തിയ നടൻ വെള്ളിത്തിരയിൽ ചലനങ്ങൾ സൃഷ്ടിച്ചു. 80കളിലെ സിനിമാ കൊട്ടകകളിൽ കാണികൾ കയ്യടികളോടെ പ്രതാപ് പോത്തനെ സ്വീകരിച്ചു.

തിരുവനന്തപുരത്തെ സമ്പന്നമായ ബിസിനസ് കുടുംബത്തിലായിരുന്നു പ്രതാപ് പോത്തന്റെ ജനനം. സിനിമ, നാടക കമ്പം ഉണ്ടായിരുന്നെങ്കിലും അഭിനയമോഹമൊന്നും പ്രതാപ് പോത്തന് ഇല്ലായിരുന്നു. മദ്രാസ് പ്ലെയേഴ്സിൽ അംഗമായിരിക്കെ ആണ് ഭരതൻ പോത്തനെ ശ്രദ്ധിക്കുന്നത്. മുടി നീട്ടി, കണ്ണട വച്ച് ഹിപ്പി രൂപത്തിൽ നടന്ന ചെറുപ്പക്കാരനെ ആരവത്തിലേക്ക് അദ്ദേഹം ക്ഷണിച്ചു.  മലയാള ഭാഷ വലിയ വശമില്ലാതിരുന്ന പ്രതാപ് പോത്തന് അന്ന് വഴികാട്ടിയായത് നെടുമുടി വേണു. 

മോഹൻലാല്‍ ചിത്രത്തെ പുകഴ്‍ത്തി പ്രതാപ് പോത്തൻ

ഇരിപ്പിലും നടപ്പിലും സംസാരത്തിലുമെല്ലാം പിന്നീട് കണ്ട പോത്തൻ സ്റ്റൈലിന് പിന്നിൽ നെടുമുടി വേണുവിനും വലിയ റോളുണ്ട്, ആരവത്തിനും തകരക്കും ശേഷം ചാമരവും ലോറിയും. സങ്കീ‍ർണമായ കഥാപാത്രങ്ങളെ അനായാസം വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രതാപ് പോത്തൻ സ്വാഭാവിക അഭിനയത്തിന്റെ പുതിയ മുഖമായി. മാസ്റ്റർ ഡയറക്ടർമാരുടെ ക്ലാസിക് ചിത്രങ്ങളിൽ പ്രതാപ് പോത്തൻ ഇല്ലാതെ പറ്റില്ലെന്ന നിലയായി.

സഹോദരിയെ ഫോണില്‍ വിളിച്ച് ചുമച്ച് പരിഭ്രാന്തിയുണ്ടാക്കി, ഇനി ആവര്‍ത്തിച്ചാല്‍ നടപടിയെന്ന് പ്രതാപ് പോത്തൻ

നെഞ്ചത്തെ കിള്ളാതെ, പന്നീ‍ർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പ് എന്നീ ചിത്രങ്ങൾ തമിഴിലും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. അധികം വൈകാതെ ക്യാമറക്ക് പിന്നിലേക്കും., ഡെയ്സി, ഋതുഭേദം,  ഒരു യാത്രാമൊഴി എന്നീ 12 സിനിമകൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്തായും നിർമ്മാതാവായും കയ്യൊപ്പ് പതിപ്പിച്ചു.

മോഹൻലാലിന്റെ ബറോസിലെ കഥാപാത്രത്തെ വെളിപ്പെടുത്തി പ്രതാപ് പോത്തൻ

നാല് ഭാഷകളിലായി നൂറിലേറെ സിനിമകൾ. ഒരേ ടൈപ്പ് വേഷങ്ങളിൽ മനസ്സ് മടുത്ത് ഇടവേളയെടുത്ത പ്രതാപ് പോത്തന്റെ രണ്ടാം വരവും  അതിശയിപ്പിച്ചു. 22 ഫീമേയിൽ കോട്ടയത്തിലെ വില്ലനും ,അയാളും ഞാനും തമ്മിലെ ഡോക്ടറും, ബാംഗ്ലൂർ ഡേയ്സിലെ അച്ഛൻ വേഷവുമെല്ലാം പുതുതലമുറയും കയ്യടിയോടെ സ്വീകരിച്ചു. മോഹൻലാലിന്റെ ബാറോസിലാണ് അവസാനം വേഷമിട്ടത്.

നടി രാധികയുമായും പിന്നീട് അമലസത്യനാഥുമായും വിവാഹം. രണ്ടും വേർപിരിഞ്ഞു. മരിക്കുന്നതിന് 15 മണിക്കൂർ മുൻപ് വരെയും സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു പ്രതാപ് പോത്തൻ.മരണത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ജിം മോറിസണും ജോർജ് കാർലിനും എഴുതിയ വാക്കുകൾ പങ്കുവച്ചായിരുന്നു മടക്കം.

Follow Us:
Download App:
  • android
  • ios