
കൊച്ചി: യുവനിരയുമായി എത്തി മലയാളത്തിലെ അപ്രതീക്ഷിത ഹിറ്റയിരിക്കുന്ന ചിത്രമാണ് പ്രേമലു.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 9 നാണ് തിയറ്ററുകളില്‍ എത്തിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയും ഒരുക്കിയ സംവിധായകന്‍റെ ചിത്രമെന്ന പ്രതീക്ഷകള്‍ നല്‍കിയിരുന്നെങ്കിലും ഇത്രയും വലിയൊരു ഹിറ്റ് അപ്രതീക്ഷിതമായിരുന്നു. നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇപ്പോള്‍ തെലുങ്കില്‍ റിലീസിന് ഒരുങ്ങുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം ചിത്രം 75 കോടി പിന്നിട്ട ചിത്രത്തിന്‍റെ തെലുങ്ക് ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മാര്‍ച്ച് 8 ന് തിയറ്ററുകളിലെത്തുക. ആഗോള റിലീസാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. എസ് എസ് കാര്‍ത്തികേയയാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ റിലീസ് നടത്തുന്നത്. വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൗലിയുടെ മകനാണ് കാര്‍ത്തികേയ.
അതേ സമയം തെലുങ്ക് ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ മലയാളത്തില്‍ നിന്നും തെലുങ്കില്‍ എത്തിയപ്പോള്‍ വന്ന വ്യത്യാസങ്ങളും ചര്‍ച്ചയാകുന്നുണ്ട്. ചിലയിടങ്ങളില്‍ ചിത്രം തെലുങ്ക് ഓഡിയന്‍സിന് മനസിലാകുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
മലയാളം ട്രെയിലറിലെ ഒരു ഭാഗമാണ് സച്ചിന്‍റെ സുഹൃത്ത് അയാളോട് പറയുന്നത്, "ഫ്രണ്ട്സ് സോണ്‍ എന്നാല്‍ കോമയില്‍ കിടക്കും പോലെയാണ്, ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ജീവിച്ചിരിക്കുന്നുണ്ട് ചത്തോ എന്ന് ചോദിച്ചാല്‍ ചത്തു" എന്നാണ്. ട്രെയിലര്‍ തെലുങ്കില്‍ എത്തിയപ്പോള്‍ അത് ഇങ്ങനെ മാറുന്നു "ഫ്രണ്ട്സ് സോണ്‍ എന്നാല്‍ കുമാരി ആന്‍റിയെപ്പോലെയാണ്, പണവും പ്രശസ്തിയും എല്ലാം ഉണ്ടാകും പക്ഷെ സമാധാനം കാണില്ല".
തെലങ്കാനയില്‍ അടുത്തിടെ വലിയ വാര്‍ത്തയായ കുമാരി ആന്‍റി എന്ന തട്ടുകട നടത്തുന്ന സ്ത്രീയെയാണ് ഇവിടെ പരാമര്‍ശിച്ചത്. ഹൈദരാബാദില്‍ ചോറും നോണ്‍വെജ് കറികളും വില്‍ക്കുന്ന കുമാരി എന്ന സ്ത്രീയുടെ തട്ടുകട വ്ളോഗുകളിലൂടെ വൈറലായി. ആയിരക്കണക്കിന് പേര്‍ അവിടെ കഴിക്കാന്‍ എത്താന്‍ തുടങ്ങി. ഒടുക്കം ഇവരുടെ കടയിലെ തിരക്ക് കാരണം റോഡ് ബ്ലോക്ക് പതിവായതോടെ നഗരസഭ ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ വ്ളോഗര്‍മാരും മറ്റും ഇടപെട്ടതോടെ ഇത് വലിയ വാര്‍ത്തയായി. പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടക്കം വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്നം തീര്‍ന്നെങ്കിലും കുമാരി ആന്‍റി വലിയ വൈറല്‍ സംഭവമായി മാറി. ഇതാണ് ട്രെയിലറില്‍ പരാമര്‍ശിക്കുന്നത്.
ഇത്തരത്തില്‍ തെലുങ്ക് പ്രേക്ഷകര്‍ക്കായി ചെറിയ മാറ്റങ്ങള്‍ ട്രെയിലറില്‍ കാണാം. തെലുങ്ക് സംസ്ഥാനങ്ങള്‍ക്കൊപ്പം വിദേശ മാര്‍ക്കറ്റുകളിലും തെലുങ്ക് പതിപ്പ് എത്തുന്നുണ്ട്. പ്രത്യങ്കിര സിനിമാസ് ആണ് ചിത്രം യുഎസില്‍ വിതരണം ചെയ്യുന്നത്. ചിത്രം തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്ക് ആവുന്നപക്ഷം ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. റിലീസ് ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ