മോഹന്‍ലാല്‍ ഇനി 'എമ്പുരാന്‍'; 'ലൂസിഫര്‍ 2' പ്രഖ്യാപിച്ച് പൃഥ്വിരാജ്

By Web TeamFirst Published Jun 18, 2019, 6:22 PM IST
Highlights

'ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്'-പൃഥ്വിരാജ്

ആകാംക്ഷ കരുതിവച്ച് 'ലൂസിഫര്‍' ടീം ഇന്ന് അനൗണ്‍സ് ചെയ്യുമെന്ന് പറഞ്ഞിരുന്നത് 'ലൂസിഫറി'ന്റെ തുടര്‍ഭാഗം തന്നെ. 'ലൂസിഫര്‍ 2'ന്റെ പേരും കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. 'എംപുരാന്‍' എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു. 'ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്‍രെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്', പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫറിനെക്കുറിച്ച് നേരത്തേ പറഞ്ഞ അഭിപ്രായം ആവര്‍ത്തിച്ചു മുരളി ഗോപി. 'ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് നിങ്ങള്‍ കണ്ടതെന്നാണ് ഞാന്‍ നേരത്തേ പറഞ്ഞിരുന്നത്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. കുറച്ചുകൂടി ഉള്‍പ്പിരിവുകള്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാവും', മുരളി ഗോപി പറഞ്ഞു.

click me!