'കുറുപ്പി'ല്‍ പൃഥ്വിരാജ് അതിഥിതാരം? പ്രതികരണവുമായി ദുല്‍ഖര്‍

Published : Sep 22, 2021, 09:39 PM ISTUpdated : Nov 06, 2021, 11:37 AM IST
'കുറുപ്പി'ല്‍ പൃഥ്വിരാജ് അതിഥിതാരം? പ്രതികരണവുമായി ദുല്‍ഖര്‍

Synopsis

നടന്‍ ഭരത് ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായിരുന്നു ഇത്

മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ബിഗ് റിലീസുകള്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുറുപ്പ്' (Kurup). കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് (Srinath Rajendran). കൗതുകമുണര്‍ത്തുന്ന ചില അതിഥിവേഷങ്ങള്‍ ചിത്രത്തിലുണ്ടെന്ന് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടന്‍ ഭരത് (Bharath) ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായിരുന്നു ഇത്. പൃഥ്വിരാജ് (Prithviraj Sukumaran), ടൊവീനോ (Tovino Thomas) തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുവെന്നതായിരുന്നു അത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍.

അതിഥിവേഷങ്ങളെക്കുറിച്ച് നിലവില്‍ പ്രചരിക്കുന്നത് സത്യമല്ലെന്ന് താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ ദുല്‍ഖര്‍ പറയുന്നു. "കുറുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹജനകമാണ്. നിങ്ങളിലേക്ക് ചിത്രം വേഗത്തില്‍ എത്തിക്കാനുള്ള ആവേശത്തിലാണ് ഞാനും. അതെന്തായാലും, നിലവില്‍ ചിത്രത്തെക്കുറിച്ച് ഒട്ടേറെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമയമെത്തുമ്പോള്‍, കുറുപ്പ് കണ്ട് ചിത്രത്തില്‍ ആരൊക്കെയാണ് അതിഥിതാരങ്ങളെന്ന് നേരിട്ടുതന്നെ നിങ്ങള്‍ക്ക് അറിയാനാവും. നിലവില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല. അത്തരത്തിലുള്ള വിവരം പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകര്‍ക്ക് ആഗ്രഹം നല്‍കിയിട്ട്, ഞങ്ങള്‍ക്ക് അവരെ നിരാശരാക്കേണ്ടിവരുന്നത് ഒരു നല്ല കാര്യമല്ല", ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.  ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. 

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ  പ്രവീൺ ചന്ദ്രൻ, പി ആർ ഒ ആതിര ദിൽജിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ
കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം