
ചില സിനിമകൾ അങ്ങനെയാണ് സൈലന്റായി വന്ന് ഹിറ്റടിച്ചങ്ങ് പോകും. അത്തരത്തിലൊരു സിനിമ 2022ൽ റിലീസ് ചെയ്തിരുന്നു. ഋഷഭ് ഷെട്ടി സംവിധായകനാകും നടനും തകർത്താടിയ കാന്താര. കേരളത്തിലടക്കം വൻ പ്രതികരണം നേടിയ ഈ കന്നഡ ചിത്രത്തിന്റെ പ്രീക്വൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തും. വൻ ദൃശ്യവിസ്മയം തീർത്ത കാന്താരയുടെ പ്രീക്വൽ എന്താണ് ഒരുക്കി വച്ചിരിക്കുന്നതെന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും.
ഈ അവസരത്തിൽ കാന്താര ചാപ്റ്റർ 1ന്റെ കേരള വിതരണാവകാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് കാന്താര 2വിന്റെ വിതരണാവകാശം വിറ്റു പോയിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പൃഥ്വിരാജും ടീമും അറിയിച്ചിട്ടുണ്ട്. 125 കോടി മുടക്കിയാണ് കാന്താര നിർമിച്ചിരിക്കുന്നത്. പ്രമോഷൻ മെറ്റീരിയലുകൾ പുറത്തുവന്നതിന് പുറമെ കാന്താര 2 ആയിരം കോടി രൂപ കളക്ട് ചെയ്യുമെന്നാണ് സിനിമാസ്വാദകരുടെ വാദം.
2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താരയുടെ ആദ്യഭാഗം റിലീസ് ചെയ്തത്. 16 കോടി ആയിരുന്നു സിനിമയുടെ നിർമ്മാണ ചെലവ്. കർണാടകത്തിൽ വൻ പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും നേടിയ ചിത്രത്തിന്റെ ഡബ് വെർഷൻ മലയാളത്തിലും റിലീസ് ചെയ്തു. ഇവിടെയും മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 407.82 കോടി രൂപയാണെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യനെറ്റ് കളക്ഷന്‍ 309.64 കോടിയും 363.82 ഗ്രോസ് കളക്ഷനുമാണ്. 44 കോടിയാണ് കാന്താരയുടെ ഓവര്‍സീസ്‍ കളക്ഷന്‍. ഋഷബ് ഷെട്ടി എഴുതി സംവിധാനം ചെയ്ത് ചിത്രം തന്നെയാണ് കാന്താര പ്രീക്വലും.