ലൂസിഫറിലെ ആ മരണമാസ് സീന്‍ റിലീസിന് മുമ്പ് കണ്ടത് ഒരേ ഒരാള്‍; പൃഥ്വിരാജിന്‍റെ വെളിപ്പെടുത്തല്‍

By Web TeamFirst Published May 8, 2019, 2:16 PM IST
Highlights

ലൂസിഫറിന്‍റെ വിശേഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് ചിത്രത്തെക്കുറിച്ചും ചില സീനുകളെക്കുറിച്ചും തുറന്നു പറയുകയാണ് പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ തിയേറ്ററില്‍ നിറഞ്ഞ കയ്യടി നേടി മുന്നേറുകയാണ്. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന  മാസ് ബ്രഹ്മാണ്ഡ ചിത്രത്തില്‍  ഇരുവര്‍ക്കും ഒപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, സാനിയ, സായ്കുമാര്‍ തുടങ്ങി വമ്പന്‍ താര നിരയാണ് എത്തിയത്. റിലീസിന് പിന്നാലെ ചിത്രത്തിനും പ്രിഥ്വിരാജിന്‍റെ സംവിധാന മികവിനും അഭിനന്ദന പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഉണ്ടായത്.

മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച മാസ് ചിത്രങ്ങളിലൊന്നാണ് ലൂസിഫറെന്നാണ് ആരാധകരും പങ്കുവെയ്ക്കുന്ന അഭിപ്രായം. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് ചിത്രത്തെക്കുറിച്ചും ചില സീനുകളെക്കുറിച്ചും തുറന്നു പറയുകയാണ് പൃഥ്വിരാജ്. ഒരു സ്വകാര്യ ചാനലിന്‍റെ അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കുമ്പോഴാണ് താരം ലൂസിഫറിലെ ചില മാസ് രംഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

തിയേറ്ററില്‍ ഏറെ കൈയ്യടി നേടിയ രംഗമായിരുന്നു പൊലീസുകാരന്‍റെ നെഞ്ചില്‍ ചവിട്ടുന്ന മോഹന്‍ലാലിന്‍റെ സീന്‍. ആ സീന്‍ റിലീസിന് മുമ്പ് സിനിമയ്ക്ക് പുറത്തുളള ഒരാള്‍ മാത്രമാണ് കണ്ടതെന്നും അത് സംവിധായകന്‍ ഭദ്രനാണെന്നുമാണ് പൃഥ്വിരാജിന്‍റെ വെളിപ്പെടുത്തല്‍.

സ്ഫടികം സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ആ സീന്‍ എടുത്തതെന്നും ലൂസിഫറിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ്  ഭദ്രനെ വിളിച്ച് താന്‍ അനുഗ്രഹം തേടിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ഭദ്രന്‍ ആയിരുന്നു പൃഥ്വിരാജിന് മികച്ച സംവിധായകനുള്ള പുരസ്ക്കാരം സമ്മാനിച്ചത്. ഭദ്രനൊപ്പം സ്റ്റേജില്‍ നില്‍ക്കവേയാണ് താരത്തിന്‍റെ പ്രതികരണം

click me!